തിരുവനന്തപുരം: സാലറി കട്ട്, സാലറി ചലഞ്ച് പ്രതിസന്ധികൾക്ക് പുറമെ സർക്കാർ ജീവനക്കാർക്ക് അടുത്ത ഇരുട്ടടി. സാലറി കട്ടിൽ പുതിയ ഓർഡിനൻസ് തയ്യാറായ ശേഷം മാത്രെമേ ഈ മാസം സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വിതരണം ഉണ്ടാകൂവെന്നാണ് സൂചന. ദുരന്തം ഉണ്ടെന്ന് പ്രഖ്യാപിച്ചാൽ 25 % വരെ ശമ്പളം പിടിച്ചെടുക്കാനാകുന്ന വിധത്തിലാണ് ഓർഡിനൻസ് തയ്യാറാകുക. ശമ്പളം തിരിച്ചു നൽകുന്നത് 6 മാസത്തിനുള്ളിൽ തീരുമാനിച്ചാൽ മതി എന്നതും ഓർഡിനൻസിലെ നിർദ്ദേശമാകും.
സർക്കാർ ജീവനക്കാരുടെ ശമ്പളം കട്ട് ചെയ്യാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കം ഹൈക്കോടതി രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്ത സാഹചര്യത്തിലാണ് സർക്കാരിന്റെ പുതിയ നീക്കം. സർക്കാർ ഉത്തരവ് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി രണ്ട് മാസത്തെ സ്റ്റേ പ്രഖ്യാപിച്ചത്. ഇതൊരു നിയമപ്രശ്നമാണെന്നും അതിനെ നിയമപരമായി മാത്രമേ കാണാനാവൂ എന്നും കോടതി പറഞ്ഞിരുന്നു. ശമ്പളം അവകാശമാണെന്നും കോടതി വിശദീകരിച്ചിരുന്നു.
ശമ്പളം പിടുക്കുന്നതുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവിൽ അവ്യക്തതയുണ്ടെന്ന് കോടതി പറഞ്ഞിരുന്നു. ജീവനക്കാരുടെ വേതനത്തിൽ നിന്ന് മാറ്റിവയ്ക്കുന്ന തുക എന്തിന് വേണ്ടിയാണ് ഉപയോഗിക്കുകയെന്ന് പറഞ്ഞിട്ടില്ല. സാമ്പത്തിക പ്രതിസന്ധി എന്ന് മാത്രമാണ് പറഞ്ഞിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി എന്ന പേരു പറഞ്ഞ് ജീവനക്കാരുടെ ശമ്പളം പിടിക്കുന്നത് അംഗീകരിക്കാനാകില്ല. അതിനാൽ ഉത്തരവ് രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്യുകയാണെന്നും കോടതി അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സർക്കാരിന്റെ പുതിയ നീക്കം.
Discussion about this post