നാരായൺപുർ: ഛത്തീസ്ഗഢിലെ നാരായൺപുരിൽ ഇന്ന് പുലർച്ചെയുണ്ടായ ഏറ്റുമുട്ടലിൽ ഒരു വനിതാ നക്സലൈറ്റിനെ സുരക്ഷാ സേന വധിച്ചു. പട്രോളിംഗ് നടത്തുകയായിരുന്ന ഛത്തീസ്ഗഢ് ആംഡ് ഫോഴ്സിന്റെയും പ്രത്യേക ദൗത്യ സേനയുടെയും സംയുക്ത സംഘത്തിനു നേർക്ക് നക്സലുകൾ പതിയിരുന്ന് ആക്രമണം നടത്തുകയായിരുന്നു. സേന നടത്തിയ ശക്തമായ പ്രത്യാക്രമണത്തിലാണ് ഒരു വനിതാനക്സലൈറ്റ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് പരിക്കേറ്റതായും പൊലീസ് പറഞ്ഞു.
ഏറ്റുമുട്ടൽ 45 മിനിട്ട് നീണ്ടു നിന്നു. സേനയുടെ ആക്രമണത്തിന് മുന്നിൽ പിടിച്ചു നിൽക്കാൻ കഴിയാതെ വന്നതോടെ കൊല്ലപ്പെട്ട നക്സലൈറ്റിന്റെ മൃതദേഹവും ആയുധങ്ങളും ഉപേക്ഷിച്ച് ഭീകരർ പിന്തിരിഞ്ഞോടി നദി കടന്ന് രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഏറ്റുമുട്ടലിൽ പരിക്കേറ്റ രാജ്കുമാർ ഷൂറി, ബാൽ കൻവർ ബാഗേൽ എന്നീ സൈനികർക്ക് പ്രാഥമിക ശുശ്രൂഷ നൽകിയതായും ഇവരുടെ നില തൃപ്തികരമാണെന്നും നാരായൺപുർ പൊലീസ് സൂപ്രണ്ട് മോഹിത് ഗാർഗ് പറഞ്ഞു. കൊല്ലപ്പെട്ട വനിതാ നക്സലൈറ്റിന്റെ മൃതദേഹത്തോടൊപ്പം ഒരു എസ് എൽ ആർ റൈഫിളും 12 ബോർ റൈഫിളുകളും കണ്ടെടുത്തതായും അദ്ദേഹം വിശദീകരിച്ചു.











