ലഖ്‌നൗ: ഇന്ത്യയിലെ കൊറോണ ബാധ ഇത്രയധികം വ്യാപകമാക്കിയതിന് ഒരേയൊരു ഉത്തരവാദികള്‍ തബ്ലീഗ് സമ്മേളനത്തിനെത്തിയവരാണെന്ന് യുപി മുഖ്യമന്ത്രി യോഗീ ആദിത്യനാഥ്. പ്രമുഖ ദേശീയ ദൃശ്യമാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ പ്രതികരണം.
കൊറോണയെ രാജ്യം ഫലപ്രദമായി നേരിടുന്നതിനിടെ സകല നിയമങ്ങളും ലംഘിച്ച തബ്ലീഗ് പ്രവര്‍ത്തകര്‍ പോയിടത്തെല്ലാം രോഗം പടര്‍ത്തി. ഇവരുടെ പ്രവൃത്തി പൂര്‍ണ്ണമായും അപലപിക്കുകയും ശിക്ഷിക്കപ്പെടുകയും വേണം. രാജ്യം ഒറ്റക്കെട്ടായി ഒരു മഹാമാരിക്കെതിരെ പോരാടുന്നതിനിടെയാണ് രാജ്യത്തിനെ മൊത്തം അപകടത്തിലാക്കിയ മതസമ്മേളനം വിളിച്ചുകൂട്ടിയത്. ഇതോടെ ആദ്യ ഘട്ടത്തിലെ കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ അവസാനഘട്ടം തന്നെ അട്ടിമറിക്കപ്പെട്ടുവെന്നും അദ്ദേഹം വ്യക്തമാക്കി.
തബ്ലീഗ് ജമാ അത്ത് ചെയ്തത് കുറ്റകൃത്യമാണ്. പൊലീസധികാരികളേയോ ആരോഗ്യ പ്രവര്‍ത്തകരേയോ മാനിക്കാന്‍ പോലും തയ്യാറാകാതിരുന്നവര്‍ കേന്ദ്ര ആഭ്യന്തരവകുപ്പിനെ പേടിച്ചുമാത്രമാണ് പ്രവര്‍ത്തകരെ പിരിച്ചുവിട്ടത്. ഇവരെ ഒത്തുകൂടിക്കാന്‍ സഹായിച്ച ഡല്‍ഹി സംസ്ഥാന സര്‍ക്കാറിന്റെ നിലപാടും അപകടം കൂട്ടിയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഒരു അസുഖം വരുന്നത് കുറ്റമല്ല. എന്നാല്‍ അസുഖമുണ്ടെന്നറിഞ്ഞിട്ട് അത് മറച്ചുവച്ച് സമൂഹത്തില്‍ രോഗം പടര്‍ത്തിയ തബ്ലീഗ് ജമാ അത്ത് നടപടി തീര്‍ച്ചയായും കുറ്റകരമായ പ്രവൃത്തിയാണെന്നും ആദിത്യനാഥ് കുറ്റപ്പെടുത്തി.
Discussion about this post