റിയാദ്: കൊവിഡ് 19 രോഗവ്യാപനത്തോടെ സൗദി അറേബ്യ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് ധനകാര്യവകുപ്പ് മന്ത്രി മുഹമ്മദ് അൽ ജദാൻ. രണ്ടാംലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയാണ് സൗദി നേരിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. കൊവിഡിന് മുമ്പുള്ള അവസ്ഥയിലേക്ക് സൗദി അറേബ്യയ്‌ക്കോ മറ്റ് ലോക രാജ്യങ്ങള്‍ക്കോ എത്താന്‍ ഇനി വര്‍ഷങ്ങളടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ സാഹചര്യത്തിൽ കടുത്ത നടപടികളിലേക്ക് നീങ്ങേണ്ടി വരുമെന്നും അന്തരാഷ്ട്ര മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. എണ്ണ വിപണി പ്രതിസന്ധിയിലായതാണ് ഏറ്റവും വലിയ പ്രശ്നം. ഇതുവഴി ഉണ്ടായിരുന്ന വരുമാനത്തിന്റെ നല്ലൊരു ശതമാനവും നിലച്ചു. സ്വകാര്യ മേഖലകളില്‍ സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരം സൃഷ്ടിക്കുന്നതുള്‍പ്പെടെ സാമ്പത്തിക മേഖലയിൽ കൂടുതൽ നവീകരണം കൊണ്ടു വരേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
ഈ ഗുരുതരമായ പ്രതിസന്ധിയെ മറികടക്കാൻ സ്വകാര്യമേഖലയും സൗദി പൗരന്മാരും ഒരുമിച്ച് പ്രവർത്തിക്കേണ്ടത് അനിവാര്യമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.












