കൊച്ചി: നെടുങ്കണ്ടം കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസിൽ മുഖ്യപ്രതിയായ എസ് ഐ സാബുവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജാമ്യ കാലയളവിൽ ജില്ല വിടരുത് എന്ന കർശന ഉപാധിയോടെയാണ് രണ്ട് ലക്ഷം രൂപയുടെ ബോണ്ടിന്മേൽ ജാമ്യം അനുവദിച്ചിരിക്കുന്നത്.
സാമ്പത്തിക തട്ടിപ്പ് കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്ത രാജ് കുമാര്‍ പൊലീസിന്റെ ക്രൂര മര്‍ദ്ദനത്തെ തുടര്‍ന്ന് 2019 ജൂണ്‍ 21 ന് കൊല്ലപ്പെടുകയായിരുന്നു. പീരുമേട് സബ് ജയിലില്‍ റിമാന്‍ഡില്‍ ഇരിക്കെയാണ് രാജ്കുമാർ മരിച്ചത്. സ്റ്റേഷനില്‍ വെച്ച് ക്രൂരമായ ശാരീരിക പീഡനത്തിന് രാജ്കുമാർ ഇരയായെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു. ദിവസങ്ങളോളം കസ്റ്റഡിയില്‍ വെച്ച് പീഡിപ്പിച്ചതിന്റെ ഫലമായി ന്യൂമോണിയ ബാധിച്ചതാണ് മരണ കാരണമെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. സിഐ ആവശ്യപ്പെട്ടിട്ടും എസ്‌ഐയും മറ്റ് പ്രതികളും ഇയാളെ കോടതിയില്‍ ഹാജരാക്കിയില്ലെന്നും ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
നേരത്തെ എസ് ഐ സാബുവിന്റെ ജാമ്യം സുപ്രീംകോടതി റദ്ദാക്കിയതിനെ തുടര്‍ന്നായിരുന്നു സിബിഐ ഇയാളെ അറസ്റ്റ് ചെയ്തത്. കേസിലെ മറ്റ് പ്രതികളെയും സിബിഐ അറസ്റ്റ് ചെയ്തിരുന്നെങ്കിലും ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് വിട്ടയക്കുകയായിരുന്നു. മരണപ്പെട്ട രാജ്കുമാറിന്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് കേസ് അന്വേഷണം ക്രൈംബ്രാഞ്ചില്‍ നിന്ന് സിബിഐക്ക് കൈമാറിയത്.
Discussion about this post