പുൽവാമ: ജമ്മു കശ്മീരിൽ നടന്ന ഏറ്റുമുട്ടലിൽ ഇന്ത്യൻ സേന വധിച്ചത് ഹിസ്ബുൾ കമാൻഡർ റിയാസ് നൈകൂവിനെ തന്നെയെന്ന് സ്ഥിരീകരണം. കഴിഞ്ഞ എട്ട് വർഷമായി താഴ്വരയിൽ ഭീകര പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു വന്നിരുന്ന കൊടും ഭീകരനെയാണ് സൈന്യം നേരിട്ടുള്ള ഏറ്റുമുട്ടലിലൂടെ വധിച്ചത്.
നയ്കൂവിന്റെ വധത്തോടെ ദക്ഷിണ കശ്മീരിലെ ഹിസ്ബുൾ മുജാഹിദ്ദീന്റെ പ്രവർത്തനങ്ങൾ ഏറെക്കുറെ അവസാനിച്ചതായാണ് സൈനിക വൃത്തങ്ങൾ വിലയിരുത്തുന്നത്. പുൽവാമയിലെ ബെയ്ഗ്പൊരയിൽ ഇന്ത്യൻ ആർമിയും സി ആർ പി എഫും ജമ്മു കശ്മീർ പൊലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് നൈകൂ കൊല്ലപ്പെട്ടത്. അവന്തിപൊരയിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെക്കൂടി സൈന്യം വധിച്ചിട്ടുണ്ട്.
മേഖലയിൽ നൈകൂ ഒളിഞ്ഞിരിപ്പുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു സൈന്യം നീക്കം നടത്തിയത്. ഇയാൾ രക്ഷപ്പെടാതിരിക്കാൻ വിപുലമായ പദ്ധതിയാണ് സുരക്ഷാ സേന ഒരുക്കിയിരുന്നത്.
തലയ്ക്ക് പന്ത്രണ്ട് ലക്ഷം വിലയിട്ടിരുന്ന കൊടും ഭീകരനായ റിയാസ് നൈകൂ സുരക്ഷാ സേനയുടെ ഹിറ്റ്ലിസ്റ്റിൽ നേരത്തെ തന്നെയുണ്ടായിരുന്നു. ജമ്മു കശ്മീരിലെ പ്രധാന ഭീകരാക്രമണങ്ങളിൽ പലതിന്റെയും പിന്നിൽ പ്രവർത്തിച്ചിരുന്ന നൈകൂ ഹിസ്ബുൾ മുജാഹിദ്ദീന്റെ നിയന്ത്രണം ഏറ്റെടുത്തതോടെ സുരക്ഷാ സേന കനത്ത ജാഗ്രതയിലായിരുന്നു.
സുരക്ഷാ സേനയ്ക്ക് നേരെ നിരന്തരം ആക്രമണങ്ങൾക്ക് പദ്ധതിയിട്ടിരുന്ന റിയാസ് നൈകൂ കഴിഞ്ഞ മെയ് മാസത്തിൽ സൈന്യം വധിച്ച സാക്കിർ മൂസയുടെ പിന്മുറക്കാരനായാണ് അറിയപ്പെട്ടിരുന്നത്. റംസാൻ മാസത്തിൽ വൻ ആക്രമണങ്ങൾക്ക് ഇയാൾ പദ്ധതിയിട്ടിരുന്നു. ഇതിലൂടെ നിരവധി യുവാക്കളെ പ്രദേശത്തെ ഗ്രാമങ്ങളിൽ നിന്നും ഭീകരവാദത്തിലേക്ക് ആകർഷിക്കാനും ഇയാൾക്ക് ഉദ്ദേശ്യമുണ്ടായിരുന്നു. സുരക്ഷാ സേനകൾ ചോർത്തിയ ഭീകരർ തമ്മിലുള്ള ഒരു സംഭാഷണത്തിൽ നിന്നാണ് റിയാസ് നൈകൂവിന്റെ പദ്ധതികളെക്കുറിച്ച് സൈന്യത്തിന് വിവരം ലഭിച്ചത്.
അദ്ധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച ശേഷം ഭീകരവാദം മുഖ്യ പ്രവർത്തന മേഖലയാക്കി മാറ്റിയ തീവ്രവാദിയായിരുന്നു റിയാസ് നൈകൂ. ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയ ശേഷം സാമൂഹിക മാദ്ധ്യമങ്ങൾ കേന്ദ്രീകരിച്ച് ഇയാൾ വലിയ തോതിൽ ഇന്ത്യാ വിരുദ്ധ പ്രചാരണങ്ങൾ നടത്തിയിരുന്നു. യുവാക്കളെ ഉപയോഗിച്ച് വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിച്ചിരുന്ന റിയാസ് താഴ്വരയിൽ നിരന്തരം ക്രമസമാധാന പ്രശ്നങ്ങൾക്ക് പ്രേരണ നൽകിയിരുന്നു.
താഴ്വരയിൽ കൊല്ലപ്പെടുന്ന ഭീകരർക്കായി അനുസ്മരണ യോഗങ്ങൾ സംഘടിപ്പിക്കുന്നതിൽ പ്രധാനിയായിരുന്നു റിയാസ് നൈകൂ. ദക്ഷിണ കശ്മീരിൽ സാകിർ മൂസയുടെ ആശയങ്ങൾ പ്രചരിപ്പിച്ചിരുന്ന നൈകൂ ജമ്മു കശ്മീരിലെ ഹിസ്ബുൾ മുജാഹിദ്ദിന്റെ അവസാന നേതാവായാണ് പരിഗണിക്കപ്പെട്ടിരുന്നത്. റിയാസ് നൈകൂവിന്റെ വധത്തോടെ താഴ്വരയിൽ നിന്നും ഹിസ്ബുൾ മുജാഹിദ്ദീന്റെ വേരറുക്കപ്പെട്ടതായും ഇന്ത്യൻ സൈന്യം വിലയിരുത്തുന്നു.
Discussion about this post