ലഖ്നൗ: തൊഴിലുറപ്പ് തൊഴിലാളികൾക്ക് 225.39 കോടി രൂപ ബാങ്ക് അക്കൗണ്ടിൽ നേരിട്ട് എത്തിച്ചതായി ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മെയ് മാസം അവസാനത്തോടെ 50 ലക്ഷം പേർക്ക് തൊഴിൽ നൽകുന്ന പദ്ധതിക്ക് രൂപം കൊടുക്കുമെന്നും അദ്ദേഹം അറിയിച്ചു. വിവിധ ജില്ലാ കളക്ടർമാരുമായി സംസാരിച്ച് പദ്ധതിക്ക് അന്തിമ രൂപം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് രോഗബാധയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ സംസ്ഥാനത്തേക്ക് കുടിയേറ്റ തൊഴിലാളികളുടെ ഒഴുക്ക് തുടരുകയാണ്. ഇവർക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിന് വേണ്ടി ഗ്രാമവികസനവകുപ്പുമായി കൂടിയാലോചനകൾ നടക്കുകയാണെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.
കുടിയേറ്റ തൊഴിലാളികൾക്ക് തൊഴിൽ ലഭ്യമാക്കുന്നതിനുള്ള സമഗ്ര പദ്ധതിക്ക് മെയ് 7ന് ഉത്തർ പ്രദേശ് സർക്കാർ തുടക്കം കുറിച്ചിരുന്നു. ഇതിനായി ദേശീയ തൊഴിലുറപ്പ് പദ്ധതി, വിശ്വകർമ്മ സമ്മാൻ യോജന, വനിതാ സ്വയം സഹായ സംഘങ്ങൾ, ക്ഷീര സമിതികൾ, സസ്യ നഴ്സറികൾ എന്നിവയുമായി ബന്ധപ്പെട്ട് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് നിർദ്ദേശം.









