ചൈനിസ് സാമ്പത്തിക രംഗം ഇതുവരെ നേരിടാത്ത കനത്ത പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ടുകള്‍. ആഗോള വിപണിയില്‍ ചെനിസ് ഉത്പന്നങ്ങള്‍ വിറ്റഴിയാത്തതാണ് വലിയ പ്രതിസന്ധികള്‍ക്ക് കാരണമായത്.
ആഗോള ഡിമാന്‍ഡില്‍ ഗണ്യമായ ഇടിവുണ്ടായതായി ചൈനിസ് സര്‍ക്കാര്‍ തന്നെ സമ്മതിക്കുന്നു. വ്യാപാര മേഖല ഇതുവരെ അഭിമുഖീകരിക്കാത്ത തരത്തിലുള്ള വെല്ലുവിളികളിലൂടെയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നതെന്ന് ചൈനിസ് വാണിജ്യ മന്ത്രി പറഞ്ഞു. കോവിഡിനെ തുടര്‍ന്ന് അന്താരാഷ്ട്ര വിപണിയില്‍ ഉല്പന്നങ്ങള്‍ക്കുള്ള ആവശ്യം കുറഞ്ഞെന്നും ഇത് ചൈനയുടെ വിദേശവ്യാപാരത്തെ കാര്യമായി ബാധിച്ചെന്നും സോംഗ് ഷാന്‍ പറഞ്ഞു.
ആഗോള സമ്പദ് വ്യവസ്ഥ മാന്ദ്യത്തിലേക്ക് കൂപ്പുകുത്തുന്നത് മൂലമുണ്ടായ ഇറക്കുമതിയുടെ വലിയ ഇടിവ് പ്രശ്‌നങ്ങള്‍ കൂടുതല്‍ ഗുരുതരമാക്കുന്നുണ്ട്. ചൈനീസ് കമ്പനികള്‍ കടുത്ത പ്രതിസന്ധിയിലാണെന്ന് സോംഗ് ഷാന്‍ പറഞ്ഞു.
ഈ വര്‍ഷം ഏപ്രിലില്‍ രാജ്യത്തിന്റെ കയറ്റുമതി അപ്രതീക്ഷിതമായി ഉയര്‍ന്നിരുന്നു. കൊറോണ വൈറസിനെ തുടര്‍ന്ന് വില്‍പ്പനയില്‍ ഉണ്ടായ നഷ്ടത്തെ മറികടന്ന് ഫാക്ടറികള്‍ മുന്നേറുമെന്നായിരുന്നു കണക്ക് കൂട്ടല്‍. എന്നാല്‍ ആഗോള വിപണി കൈവിട്ടതോടെ കമ്പനികള്‍ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. പല കമ്പനികളും ജീവനക്കാരെ പറഞ്ഞ് വിടാന്‍ തുടങ്ങി. ഇതിനിടെ ചൈനയിലുള്ള വിദേശ കമ്പനികള്‍ അവിടം വിടാനുള്ള നീക്കത്തിലാണ്. ഇന്ത്യ പോലുള്ള രാജ്യങ്ങളാണ് അവരുടെ ലക്ഷ്യം. ഇന്ത്യ നിക്ഷേപ സൗഹൃദമായതോടെ പ്രമുഖ കമ്പനികള്‍ പലതും നേരത്തെ തന്നെ ഇന്ത്യയില്‍ ഫാക്ടറികള്‍ ആരംഭിച്ചിരുന്നു. കൂടുതല്‍ ഉത്പാദന യൂണിറ്റുകള്‍ ഇന്ത്യയില്‍ ആരംഭിക്കാനാണ് അവരുടെ ലക്ഷ്യം. പല ഇന്ത്യന്‍ സംസ്ഥാനങ്ങളും വിദേശ കമ്പനികളുമായി നിക്ഷേപ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്.
Discussion about this post