ബംഗലൂരു: റംസാൻ പ്രമാണിച്ച് ഹിന്ദുവിന്റെ കടയിൽ നിന്ന് വസ്ത്രങ്ങൾ വാങ്ങിയ യുവതികൾക്ക് നേരെ മതമൗലികവാദികളുടെ കൈയ്യേറ്റ ശ്രമം. ദേവനഗരിയിലെ ഒരു കടയിൽ നിന്നും വസ്ത്രങ്ങൾ വാങ്ങി പുറത്ത് വന്ന യുവതികളെ അക്രമികൾ തടഞ്ഞു നിർത്തുകയായിരുന്നു. വസ്ത്രങ്ങൾ വാങ്ങിയ കടയിൽ തന്നെ തിരിച്ചു കൊടുക്കാൻ ആക്രോശിക്കുന്ന രണ്ട് മുസ്ലീം യുവാക്കൾ, യുവതികളുടെ കൈയ്യിൽ നിന്നും വസ്ത്രങ്ങൾ കൈക്കലാക്കുകയും ഇവരെ നിർബന്ധിച്ച് ഓട്ടോയിൽ കയറ്റി വിടുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്.
യുവതികൾ കടയിൽ നിന്നും പുറത്തിറങ്ങിയ ഉടൻ ഒരു സംഘമാളുകൾ ഇവരെ വളയുകയും സദാചാര ഗുണ്ടായിസം നടത്തുകയും ചെയ്യുകയായിരുന്നു. ആ കടയിൽ നിന്ന് തന്നെ സാധനം വങ്ങിയത് എന്തു കൊണ്ടാണെന്ന് ഇവർ യുവതികളോട് ആവർത്തിച്ച് ചോദിച്ചു. തുടർന്നായിരുന്നു കൂട്ടത്തിൽ നിന്ന് രണ്ട് യുവാക്കൾ വന്ന് യുവതികളെ ഭീഷണിപ്പെടുത്തി പറഞ്ഞയച്ചത്.
സംഭവത്തിൽ ശക്തമായ പ്രതികരണവുമായി ബിജെപി രംഗത്തെത്തി. ഹിന്ദുവിന്റെ കടയിൽ നിന്ന് റംസാൻ വസ്ത്രങ്ങൾ വാങ്ങിയ യുവതികൾക്കെതിരായ മൗലികവാദികളുടെ ആക്രമണം അംഗീകരിക്കാനാവില്ലെന്ന് ബിജെപി എം പി ശോഭ കരന്തലജെ വ്യക്തമാക്കി. ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ ശരീയത്ത് നിയമം നടപ്പിലാക്കാൻ ശ്രമിച്ച മതമൗലിക വാദികൾക്ക് ഇന്ത്യൻ നിയമം എന്താണെന്ന് ഉടൻ മനസ്സിലാകുമെന്നും അവർ ട്വിറ്ററിൽ കുറിച്ചു.
https://twitter.com/ShobhaBJP/status/1261997953016672256
സംഭവത്തിൽ ശക്തമായ നടപടി ഉടൻ സ്വീകരിക്കുമെന്നും അന്വേഷണം ആരംഭിച്ചു കഴിഞ്ഞതായും കർണ്ണാടക പൊലീസ് അറിയിച്ചു.
Discussion about this post