ന്യൂഡൽഹി: ഇന്ത്യയിലെ കോവിഡിനെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഏറ്റവും കൂടുതൽ തുക സംഭാവന ചെയ്തത് വിപ്രോയുടെ ചെയർമാനായ അസിം പ്രേംജി.ആഗോള തലത്തിൽ കോവിഡ് പ്രതിരോധത്തിനായി ഏറ്റവും കൂടുതൽ തുക സംഭാവന ചെയ്‌ത വ്യവസായികളുടെ പട്ടിക ഫോബ്‌സ് തയ്യാറാക്കിയിരുന്നു.ഈ പട്ടികയിൽ മൂന്നാമനാണ് വിപ്രോയുടെ സ്ഥാപകനും ചെയർമാനുമായ അസിം പ്രേംജി. മെഡിക്കൽ സേവന മേഖലകളിലേക്കാണ് അസിം പ്രേംജി കൂടുതലായും സംഭാവന നൽകിയിട്ടുള്ളത്.അസിം പ്രേംജി ഇന്ത്യക്ക് സംഭാവന നൽകിയത് 1,125 കോടിയാണ്.ഇതിൽ അസിം പ്രേംജി ഫൗണ്ടേഷൻ ആയിരം കോടി രൂപയും വിപ്രോ നൂറ് കോടിയും വിപ്രോ എന്റർപ്രൈസ് ഇരുപത്തഞ്ചു കോടിയുമാണ് നൽകിയത്.
ലോകത്ത് ഏറ്റവും കൂടുതൽ തുക സംഭാവന നൽകി ഫോബ്‌സ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത് ട്വിറ്റർ സി.ഇ.ഒ ജാക് ഡോർസിയാണ്.7549 കോടി രൂപയായിരുന്നു ട്വിറ്ററിന്റെ സംഭാവന.1925 കോടി രൂപ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നൽകിയ ബിൽഗേറ്റ്‌സ് ആണ് രണ്ടാം സ്ഥാനത്തുള്ളത്. ഇവർക്ക് പിന്നിലാണ് ഇന്ത്യയിലെ അസിം പ്രേംജിയുടെ സ്ഥാനം.മുമ്പ്,തൊഴിൽ നിയമങ്ങൾ കോവിഡ് പശ്ചാതലത്തിൽ ഭേദഗതി ചെയ്യുന്നത് സമ്പദ് വ്യവസ്ഥയെ ഒരു വിധത്തിലും സഹായിക്കുകയില്ല എന്ന് ചൂണ്ടിക്കാട്ടി അസിം പ്രേംജി രംഗത്തു വന്നിരുന്നു.








