മുംബൈ : ഭാവിയിൽ പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാൻ ബിജെപി കേന്ദ്ര നേതൃത്വം ശ്രമിക്കുന്നുവെന്ന ശിവസേന (യു.ബി.ടി) തലവൻ ഉദ്ദവ് താക്കറെയുടെ പ്രസ്താവന കേട്ട് ചിരിയടക്കാനാവാതെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. ‘ഓപ്പറേഷൻ ടൈഗർ’ യഥാർത്ഥത്തിൽ ‘ഓപ്പറേഷൻ ദേവേന്ദ്ര’ ആണെന്ന് ആയിരുന്നു ശനിയാഴ്ച നടന്ന ഒരു റാലിയിൽ ഉദ്ധവ് താക്കറെ ആരോപിച്ചിരുന്നത്. ഇന്ന് ഫഡ്നാവിസ് നടത്തിയ പത്രസമ്മേളനത്തിൽ മാധ്യമപ്രവർത്തകർ ഇക്കാര്യം സൂചിപ്പിച്ചതോടെ അദ്ദേഹത്തിന് ചിരിയടക്കാൻ കഴിയാതെ ആവുകയായിരുന്നു. ഇതോടെ മാധ്യമപ്രവർത്തകർക്കിടയിലും കൂട്ടച്ചിരിയുണ്ടായി.
കഴിഞ്ഞദിവസം ഉദ്ദവ് താക്കറെയുടെ പക്ഷത്തുനിന്നും ആറ് ലോക്‌സഭാ എം.പിമാർ ഏക്‌നാഥ് ഷിൻഡെയുടെ ശിവസേനയിലേക്ക് ചേക്കേറിയിരുന്നു. ഇത് ശിവസേനയുടെ ചിഹ്നമായ കടുവയെ ഉദ്ദേശിച്ച് മാധ്യമങ്ങൾ ‘ഓപ്പറേഷൻ ടൈഗർ’ എന്ന് വിശേഷിപ്പിച്ചെങ്കിലും, യഥാർത്ഥത്തിൽ ഇത് ‘ഓപ്പറേഷൻ ദേവേന്ദ്ര’ ആണെന്നാണ് ഉദ്ദവ് ഹംഗോലിയിലെയും പർഭാനിയിലെയും റാലികളിൽ ആരോപിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ഇതിന് പിന്നിലെന്നാണ് ഉദ്ദവിന്റെ ആരോപണം. ഭാവിയിൽ ദേവേന്ദ്ര ഫഡ്‌നാവിസ് പ്രധാനമന്ത്രി സ്ഥാനാർത്ഥിത്വത്തിലേക്ക് ഉയർന്നു വരാതിരിക്കാൻ അദ്ദേഹത്തിന്റെ ചിറകുകൾ അരിയുകയാണ് ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ ലക്ഷ്യം. മറ്റൊരു മറാഠി നേതാവും ഡൽഹിയിലേക്ക് ഉയർന്നു വരാതിരിക്കാൻ ഫഡ്‌നാവിസിനെ മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ തന്നെ തളച്ചിടാനാണ് ഈ നീക്കങ്ങളെന്നും, വിമത എം.പിമാർ ഭാവിയിൽ അമിത് ഷായെ പിന്തുണയ്ക്കാനാണ് ഷിൻഡെ പക്ഷത്തേക്ക് പോയതെന്നും ഉദ്ദവ് അവകാശപ്പെട്ടിരുന്നു.








