ഡൽഹി: മുൻ മലേഷ്യൻ പ്രധാനമന്ത്രി മഹതിര്‍ ബിന്‍ മൊഹമ്മദിന്റെ രാജിക്കു പിന്നാലെ മലേഷ്യയുമായുള്ള വ്യാപാരബന്ധം പുനരുജ്ജീവിപ്പിക്കാനൊരുങ്ങി ഇന്ത്യ. ഇതിന്റെ ഭാഗമായി മലേഷ്യയിൽ നിന്നുള്ള പാമോയിൽ ഇറക്കുമതി ഇന്ത്യ പുനരാരംഭിച്ചു. നാല് മാസമായി നിർത്തിവെച്ചിരുന്ന ഇറക്കുമതിയാണ് ഇന്ത്യ പുനരാരംഭിച്ചത്.
വ്യാപാരബന്ധം പുനസ്ഥാപിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞയാഴ്ച ഇന്ത്യയും മലേഷ്യയും തമ്മിൽ അരി കയറ്റുമതിയുമായി ബന്ധപ്പെട്ട് റെക്കോർഡ് കരാറിൽ ഒപ്പു വെച്ചിരുന്നു. ഇതിന്റെ ഫലമായി 1,00,000 ടണ്‍ അരി മലേഷ്യയിലേക്ക് കയറ്റി അയക്കാൻ ഇന്ത്യ തീരുമാനിച്ചിരുന്നു.
ഇന്ത്യ പാമോയിൽ ഇറക്കുമതി നിർത്തിയതോടെ മലേഷ്യ കടുത്ത വ്യാപാര പ്രതിസന്ധി നേരിട്ടിരുന്നു. പത്ത് മാസത്തെ ഏറ്റവും കുറഞ്ഞ വിലയിലാണ് മലേഷ്യ വ്യാപാരം നടത്തിയിരുന്നത്. എന്നാൽ ഇന്ത്യ ഇറക്കുമതി പുനരാരംഭിച്ചതോടെ വിലയിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.
നേരത്തെ കശ്മീര്‍ വിഷയത്തില്‍ മുന്‍ മലേഷ്യൻ പ്രധാനമന്ത്രി മഹാതിര്‍ മൊഹമ്മദ് യുഎന്നില്‍ പാകിസ്താനെ പിന്തുണയ്ക്കുകയും ഇന്ത്യയ്‌ക്കെതിരെ പ്രസ്താവനകള്‍ നടത്തുകയും ചെയ്തതോടെയാണ് ഇന്ത്യയും മലേഷ്യയും തമ്മിലുള്ള വ്യാപാര ബന്ധം വഷളായത്.
മലേഷ്യയിൽ നിലവിൽ വന്ന പുതിയ സർക്കാർ ഇന്ത്യയുമായി മികച്ച ബന്ധം ആഗ്രഹിക്കുന്നുവെന്ന് വ്യക്തമായതോടെ വിവാദ മതപ്രഭാഷകൻ സാക്കിർ നായിക്കിന്റെ നില പരുങ്ങലിലായതയാണ് സൂചന. സാക്കിര്‍ നായിക്കിനെ കൈമാറണമെന്ന് ആവശ്യപ്പെട്ട് മലേഷ്യന്‍ സര്‍ക്കാരിന് ഇന്ത്യ ഔദ്യോഗികമായി കത്തയച്ചിരുന്നു. മഹാതിര്‍ മുഹമ്മദ് രാജി വെച്ചതോടെ സാക്കിര്‍ നായിക്കിനെ മലേഷ്യ ഇന്ത്യക്ക് വിട്ടു നൽകുമെന്ന് സൂചനയുണ്ട്.








