ഭോപാൽ: ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മദ്ധ്യപ്രദേശിൽ കോൺഗ്രസ്സിന് ശക്തമായ തിരിച്ചടി നൽകിക്കൊണ്ട് നേതാക്കളുടെ ബിജെപിയിലേക്കുള്ള ഒഴുക്ക് തുടരുന്നു. മുതിർന്ന നേതാക്കളായ ഭരത് സിംഗ് ചൗഹാൻ, ദിലീപ് ചൗധരി, ഹുക്കും സിംഗ് സാംഖ്ല, നാഗ്ജിറാം താക്കൂർ, സാമൂഹ്യ പ്രവർത്തകനായ ഹുക്കും സിംഗ് പട്ടേൽ, കിസാൻ കോൺഗ്രസ്സ് ഇൻഡോർ ജില്ലാ പ്രസിഡന്റ് ഓം സേത്ത് എന്നിവരാണ് കോൺഗ്രസ്സ് വിട്ട് ബിജെപിയിൽ ചേർന്നിരിക്കുന്നത്.
മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ വി ഡി ശർമ്മ, ജലവിഭവ വകുപ്പ് മന്ത്രി തുളസിറാം ശിലാവത് എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് നേതാക്കൾ ബിജെപി അംഗത്വം സ്വീകരിച്ചത്. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ കാവി ഷാൾ അണിയിച്ച് ഇവരെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു.
നിരവധി കോൺഗ്രസ്സ് നേതാക്കൾ പാർട്ടി വിട്ട് ബിജെപിയിൽ ചേരാൻ തയ്യാറെടുക്കുന്നതായി ക്യാബിനറ്റ് മന്ത്രി ശിലാവത് അറിയിച്ചു. കോൺഗ്രസ്സ് പാർട്ടിയുടെ മുൻനിര നേതാക്കളിൽ പ്രമുഖനായിരുന്ന ജ്യോതിരാദിത്യ സിന്ധ്യ പാർട്ടി ബന്ധം വിച്ഛേദിച്ച് ബിജെപിയിൽ ചേർന്നതോടെ കടപുഴകിയ കോൺഗ്രസ്സ് വിട്ട് നിരവധി സംസ്ഥാന- പ്രാദേശിക നേതാക്കളാണ് ഇതിനോടകം ബിജെപിയിൽ ചേർന്നത്.
Discussion about this post