ബംഗലൂരു: പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയായ പി എം കെയേഴ്സ് ഫണ്ടിനെതിരായി വ്യാജ പ്രചാരണം നടത്തിയെന്ന കേസിൽ കോൺഗ്രസ്സ് അദ്ധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. കർണ്ണാടകയിലെ ശിവമോഗയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സോണിയ ഗാന്ധിയെക്കൂടാതെ വിവാദ ട്വീറ്റ് പ്രചരിപ്പിച്ച മറ്റ് കോൺഗ്രസ്സ് നേതാക്കൾക്കെതിരെയും കേസ് എടുത്തിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരായ വസ്തുതാവിരുദ്ധമായ ട്വീറ്റ് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് അഭിഭാഷകനായ പ്രവീൺ കുമാറാണ് സോണിയക്കെതിരെ പരാതി നൽകിയത്. പി എം കെയേഴ്സ് ഫണ്ടിനെതിരെ കോൺഗ്രസ്സ് മെയ് 11ന് നടത്തിയ ട്വീറ്റ് വസ്തുതാവിരുദ്ധവും അസത്യവുമായ വാർത്ത പ്രചരിക്കാൻ കാരണമാകുമെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
പ്രധാനമന്ത്രിക്കെതിരെ സോണിയാ ഗാന്ധി നിരന്തരം അസത്യ പ്രചാരണം നടത്തുകയാണെന്നും ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153, 505 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
Discussion about this post