ഡൽഹി: ഡിസംബർ മാസത്തിൽ ഡൽഹിയിൽ നടന്ന കലാപത്തിൽ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ജാമില മിലിയ സർവ്വകലാശാലയിലെ വിദ്യാർത്ഥി നേതാവ് ആസിഫ് ഇഖ്ബാൽ തൻഹയെ അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ യുഎപിഎ ചുമത്തിയതായി ഡൽഹി പൊലീസ് അറിയിച്ചു.
ആസിഫ് തൻഹയെ ഏഴ് ദിവസത്തേക്ക് റിമാൻഡ് ചെയ്തിട്ടുണ്ട്. ഇയാൾ മൂന്നാം വർഷ പേർഷ്യൻ ബിരുദ വിദ്യാർത്ഥിയാണ്. കലാപവുമായി ബന്ധപ്പെട്ട് മറ്റൊരു വിദ്യാർത്ഥി നേതാവായ ഷദാബിനെയും ഡൽഹി പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
ജാമിയ അക്രമങ്ങളുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ ആസിഫിനെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ എടുത്തിരുന്നു. ഈ കേസിൽ റിമാൻഡിലായിരുന്ന ഇയാൾക്കെതിരെ കലാപക്കേസ് കൂടി ചുമത്തുകയായിരുന്നു. ജാമിയ കോ ഓർഡിനേഷൻ കമ്മിറ്റി അംഗമായ ആസിഫ് ഇഖ്ബാൽ കലാപത്തിന് ഗൂഡാലോചന നടത്തിയെന്നാണ് കേസ്. പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള സമരങ്ങൾ സംഘടിപ്പിച്ചതിലും കലാപത്തിലും ആസിഫിന് പങ്കുണ്ടെന്ന് തെളിയിക്കുന്ന രേഖകൾ ഇയാളുടെ മൊബൈൽ ഫോണിൽ നിന്നും പൊലീസിന് ലഭിച്ചിരുന്നു.
ഡൽഹി കലാപവുമായി ബന്ധപ്പെട്ട കേസിൽ ജാമിയ മിലിയ ഇസ്ലാമിക സർവ്വകലാശാല വിദ്യാർത്ഥികളായ മീരാൻ ഹൈദറിനെയും സഫൂറ സർഗാറിനെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ജാമിയ മിലിയ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ പ്രസിഡന്റ് ഷിഫാ ഉ റഹ്മാനും ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്നു. ഇവർക്കെതിരെയും യുഎപിഎ ചുമത്തിയിട്ടുണ്ട്.








