ശശിശങ്കര്‍ മക്കര
മലമുകളിലെ സിദ്ധന്‍
ഏതു വര്ഷമാണെന്ന് കൃത്യമായി ഓര്ക്കു ന്നില്ല. 1991ലാണെന്ന് തോന്നുന്നു. രമണാശ്രമത്തില്‍ നിന്ന് മല കയറി സ്‌കന്ദാശ്രമത്തില്‍ ഇരിക്കുകയായിരുന്നു. ഇന്നത്തെപ്പോലെ തിരക്കില്ല. അതിനിടക്ക് ട്രിച്ചിയില്‍ നിന്നെത്തിയ ഒരു കൂട്ടം ചെറുപ്പക്കാരെ പരിചയപ്പെട്ടു. ഒരേ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവര്‍. ഇടയ്ക്കിടക്ക് യാത്ര ചെയ്യുന്നവര്‍. ഇത്തവണത്തെ യാത്രക്ക് ഒരു ലക്ഷ്യമുണ്ട്. അരുണാചല(അണ്ണാമല) മലയുടെ മുകളില്‍ ഒരു സിദ്ധന്‍ താമസിക്കുന്നുണ്ട് അദ്ദേഹത്തെ കാണുക. അതിനു ഒരു ഗൈഡിനെ ചട്ടം കെട്ടിയിട്ടുണ്ട്. അയാളെ കാത്തിരിക്കുകയാണ്.
സിദ്ധന്‍ കുറെക്കാലമായി അവിടെ ഒറ്റയ്ക്ക് താമസിക്കുകയാണ്. കൂട്ടിനു കുറെ കുരങ്ങന്മാരും. മലയുടെ ഏറ്റവും മുകളില്‍ സാധാരണയായി കുരങ്ങന്മാര്‍ താമസിക്കാറില്ല. . സിദ്ധന്‍ പോയപ്പോള്‍ കൂടെ പോയതാണത്രെ. കുരങ്ങന്മാര്ക്ക് നല്കാന്‍ അല്പം കപ്പലണ്ടി കൂടി വാങ്ങിയിട്ടുണ്ട് ചെറുപ്പക്കാര്‍. തിരുവണ്ണാമലയില്‍ ആ ദിവസം ഏതോ കാരണവശാല്‍ ഹരത്താലാണ്. അതുകൊണ്ട് കാര്യമായി ഒന്നും വാങ്ങാന്‍ കഴിഞ്ഞിട്ടില്ല. ഒരു സ്വാമിയെ കാണാന്‍ പോകുമ്പോള്‍ കയ്യില്‍ ഒന്നുമില്ലാതെ പോകുന്നത് ഭാരതീയരുടെ രീതിയല്ല. പക്ഷെ, ഈ സ്വാമിക്ക് ഭക്ഷണം ഉള്‌പ്പെടെ ഒന്നും ആവശ്യമുള്ള കൂട്ടത്തിലല്ല. അതുകൊണ്ട് കുരങ്ങന്മാര്ക്ക് വേണ്ടി മാത്രം ഭക്ഷണം.
ചെറുപ്പക്കാര്‍ യാത്രക്ക് എന്നെയും ക്ഷണിച്ചു. അങ്ങനെ ആദ്യമായി മലയുടെ മുകളിലേക്ക്. ഇപ്പോള്‍ മല വനം വകുപ്പിന്റെ നിയന്ത്രണത്തിലാണ്. മല കയറ്റം പൂര്ണ്ണ്മായും നിരോധിച്ചിരിക്കയാണ്. ആ കാലത്ത് തടസ്സങ്ങള്‍ ഒന്നും ഇല്ലായിരുന്നു. വനം എന്നാണു പറയുന്നതെങ്കിലും വൃക്ഷങ്ങള്‍ അന്ന് വളരെ പരിമിതമായിരുന്നു. ഇന്ന് കാണുന്ന മരങ്ങളെല്ലാം പിന്നീട് ചില സന്നദ്ധ സംഘടനകളുടെ സഹായത്തോടെ വനം വകുപ്പ് നട്ടു പിടിപ്പിച്ചതാണ്.
വൈകാതെ ഗൈഡ് വന്നെത്തി. പയ്യന്‍ അവിടത്തെ ഒരു ആട്ടിടയനാണ്. അവന്റെ ആടുകള്‍ മലയുടെ മുകളില്‍ മേയുന്നുണ്ട്. കയറ്റത്തിനിടയില്‍ ഇടയ്ക്കിടക്ക് പ്രത്യേക ശബ്ദമുണ്ടാക്കി തന്റെ ആടുകള്‍ എവിടെയൊക്കെയാണെന്ന് അന്വേഷിക്കുന്നുണ്ട്. അവ കൃത്യമായി മറുപടിയും നല്കുന്നുണ്ട്.
നല്ല പോലെ വെയില്‍ ഉള്ള സമയത്താണ് യാത്ര തുടങ്ങുന്നത്. മിക്കവാറും ദൂരം ചുട്ടു പഴുത്ത പാറക്കല്ലുകളുടെ മേല്‍ ചവിട്ടിയാണ് നടക്കുന്നത്. എല്ലാവരും രമണാശ്രമത്തില്‍ ചെരുപ്പ് ഉപേക്ഷിച്ചാണ് എത്തിയിരിക്കുന്നത്. അതുകൊണ്ട് കാലുകള്‍ ചുട്ടു പൊള്ളുന്നുണ്ട്. പൊതുവേ, തമിഴ്‌നാട്ടിലുള്ളവര്‍ ഈ മലയില്‍ കയറുമ്പോളോ പ്രദക്ഷിണം വെക്കുംമ്പോഴോ ചെരുപ്പ് ഉപയോഗിക്കാറില്ല. മല മുഴുവനായി ഒരു ദേവനായി, അല്ലെങ്കില്‍ ഒരു വിഗ്രഹമായായാണ് കണക്കാക്കുന്നത്. വിദേശികള്‍ ഉള്‌പ്പെടെ മറ്റുള്ളവര്‍ ഷൂസ് ഉപയോഗിച്ച് കയറുന്നത് കണ്ടിട്ടുണ്ട്.
പലയിടത്തും പാറയില്‍ നിന്ന് മാറി അല്പ! നേരം ചവിട്ടി നില്ക്കാന്‍ മണ്ണ് പോലുമില്ല. കരിങ്കല്ലില്‍ തന്നെ ചവിട്ടിയെ പറ്റൂ. പല സ്ഥലങ്ങളിളായി, നിന്നും ഇരുന്നും വിശ്രമിച്ചുമോക്കെയാണ് മുകളില്‍ എത്തിയത്. കൂടെയുള്ളവര്‍ നഗരവാസികള്‍ ആയതുകൊണ്ട് അവര്ക്കും കയറ്റം ആയാസകരമായിരുന്നു.
വെള്ളവും ഭക്ഷണവുമോന്നും ആരും കയ്യില്‍ കരുതിയിട്ടില്ല. ഹര്ത്താല്‍ കാരണം ഒന്നും വാങ്ങാന്‍ കഴിഞ്ഞതുമില്ല. പ്ലാസ്റ്റിക് കുപ്പിയില്‍ വെള്ളം കിട്ടുന്ന കാലമല്ലായിരുന്നു. ഇടയ്ക്ക് ഒരു ഉറവയില്‍ നിന്ന് വരുന്ന വെള്ളം നിറയുന്ന ഒരു കുളം കണ്ടിരുന്നു. അതില്‍ നിന്ന് വെള്ളം കുടിക്കാന്‍ പയ്യന്‍സ് സമ്മതിച്ചില്ല. കുറെ ദിവസം മുന്പ് അതില്‍ ഒരു ആട് വീണ ചത്തിട്ടുണ്ടത്രേ. ദാഹിച്ചു വലഞ്ഞപ്പോള്‍ ഗൈഡ് പയ്യന്‍ അവിടെ കണ്ട ഒരു ഇല പറിച്ച് തന്നു. ചവച്ചു തിന്നോളാന്‍ പറഞ്ഞു. ചവയ്ക്കുമ്പോള്‍ വഴുവഴുപ്പുണ്ടാകുന്ന ഒരു ഇല. അതിശയം എന്ന് പറഞ്ഞാല്‍ ശരിയാവില്ല. എല്ലാവരുടെയും ദാഹം മാറി. തുടര്ന്ന ങ്ങോട്ട് പോകുമ്പോള്‍ മറ്റൊരു ചെടിയുടെ ഇലയും പറിച്ചു തന്നു. അത് കഴിച്ചതോടെ എല്ലാവരുടെയും വിശപ്പും മാറി. മണിക്കൂറുകള്ക്കു ശേഷം തിരിച്ചു ആശ്രമത്തില്‍ എത്തുന്നതു വരെ വിശപ്പും ദാഹവും അറിഞ്ഞിട്ടില്ല.
ഇലയുടെ രഹസ്യത്തെപ്പറ്റി എല്ലാവരും പയ്യനോട് അന്വേഷിച്ചു. മുകളില്‍ ഇരിക്കുന്ന സിദ്ധനാണ് പയ്യന് ഈ രണ്ടു ഇലകളെപ്പറ്റിയും പറഞ്ഞു കൊടുത്തത്. സിദ്ധനു ഭക്ഷണം നിര്ബ്ന്ധമുള്ള കൂട്ടത്തിലല്ല. . ഇല പറിച്ചു കയ്യില്‍ വെക്കരുത് എന്ന് പയ്യന്‍ എല്ലാവരോടും നിര്‌ദ്ദേ ശിച്ചിരുന്നു.ഞാനുള്‌പ്പെ്‌ടെ എല്ലാവരും കൃത്യമായി നിര്‌ദേശം ലങ്ഘിച്ചു, ഇലകള്‍ പറിച്ചു പോക്കെറ്റില്‍ തിരുകി.
മലയുടെ മുകളിലെത്തി. കുരങ്ങന്മാരുടെ ഒരു ചെറിയ കൂട്ടം ഉണ്ട് .ഏറ്റവും മുകളിലെ പാറയിലാണ് വര്ഷം തോറും കാര്ത്തി കയ്ക്ക് വലിയ ഇരുമ്പ് പാത്രങ്ങളില്‍ നെയ്യൊഴിച്ച് കാര്ത്തി ക വിളക്ക് തെളിയിക്കുന്നത്. ഏകദേശം 3500 കിലോ നെയ്യാണ് കത്തിക്കുന്നത് . തീ കത്തിയതിന്റെ കറുത്ത പാട് കാണാം. ഏതാനും സെക്കണ്ടുകള്‍ പോലും നില്ക്കാന്‍ കഴിയില്ല, ചൂട് കാരണം. മലമുകളിലെ സ്വാമി ഇവിടെ കിടക്കാറുണ്ടെന്നാണ് പയ്യന്‍ പറഞ്ഞത്.
ഏതാനും മീറ്റര്‍ താഴെയായിട്ടാണ് സ്വാമിയുടെ ഗുഹ. ഗുഹ എന്ന് പറയുന്നത് ശരിയല്ല. ഒരു കുഴി എന്ന് മാത്രമേ പറയാന്‍ കഴിയൂ. ഒരാള്ക്ക് കഷ്ടിച്ചു ഇരിക്കാന്‍ മാത്രമുള്ള സ്ഥലം. ഇവിടെയാണ് സ്വാമിജി ഇരിക്കുന്നത്. ആളല്പ്പം ചൂടന്‍ ആയതുകൊണ്ട് എങ്ങനെ പ്രതികരിക്കും എന്നുറപ്പില്ല. സന്ദര്ശംകരോട് ഒട്ടും താല്പ്പപര്യമുള്ള ആളല്ലാ എന്ന് പയ്യന്‍ മുന്കൂട്ടി അറിയിച്ചിട്ടുണ്ട്. ധൈര്യം സംഭരിച്ചു ഒരാള്ക്ക് മാത്രം നടക്കാവുന്ന വഴിയിലൂടെ ഓരോരുത്തരായി മുന്‌പോട്ടു പോയി നമസ്‌ക്കരിച്ചു. മറ്റൊന്നും കയ്യിലില്ലാത്തതുകൊണ്ട് ഒരാള്‍ കയ്യിലുള്ള കപ്പലണ്ടി(കടല) അവിടെ സമര്പ്പി്ച്ചു. കുഴപ്പമൊന്നുമുണ്ടായില്ല. കുഴിയില്‍ കുത്തിയിരിക്കുകയാണ് സ്വാമിജി. നമ്മുടെ അയ്യപ്പന്‍ ഇരിക്കുന്നതുപോലെ. വളരെ ശോഷിച്ച ശരീരം. നമസ്‌ക്കരിച്ച് എഴുന്നേല്ക്കു്‌മ്പോള്‍ എല്ലാവര്ക്കും സ്വാമിജി തന്നെ ഭസ്മം നെറ്റിയില്‍ തൊട്ടു തന്നൂ. സംസാരിക്കുന്ന പതിവില്ല. ദര്ശനത്തിന്റെ ലഹരിയില്‍ മല കയറ്റത്തിന്റെ ക്ഷീണമൊക്കെ മാറി എല്ലാവരും ആഹ്ലാദത്തിലായി. അല്പ നേരം കഴിഞ്ഞു ഒരു തവണ കൂടി എല്ലാവരും ദര്ശനം നടത്തി. ഇത്തവണ സ്വാമിജിക്ക് അത് ഇഷ്ടപ്പെട്ടില്ല. പൊയ്‌ക്കൊള്ളാന്‍ വേണ്ടി ആന്ഗ്യം കാണിച്ചു .
ചൂട് കാരണം മുകളില്‍ വിശ്രമിക്കാന്‍ കഴിയില്ല. അതുകൊണ്ട് വൈകാതെ മലയിറങ്ങാന്‍ തുടങ്ങി. കുറെ ഇറങ്ങി കഴിഞ്ഞു ഒരു ഗുഹയുടെ സമീപത്തെത്തി. ഞങ്ങള്‍ അഞ്ചു പേര്ക്കും കിടന്നുറങ്ങാനുള്ള സ്ഥലമുണ്ട്. ക്ഷീണം മൂലം എല്ലാവരും കിടപ്പിലായി. ഗൈഡ് അതിനിടെ അവന്റെ ആടുകളെ നോക്കിയിട്ട് വരാം എന്ന് പറഞ്ഞു പോയി. ഗുഹയില്‍ നിന്ന് നോക്കിയാല്‍ താഴെ തിരുവണ്ണാമല ടൌണ്‍ കാണാം. മൈലുകളോളം പരന്നു കിടക്കുന്ന നെല്പ്പാ ടങ്ങളും. തമിഴ്‌നാട്ടില്‍ ലഭിക്കുന്നതില്‍ ഏറ്റവും മുന്തിയ ഇനത്തിലുള്ള പൊന്നി അരി കൃഷി ചെയ്യുന്നത് തിരുവണ്ണാമല ജില്ലയിലാണ്.
മറക്കാനാവാത്ത ഒരു കാഴ്ച കാണുന്നത് ഇവിടെ നിന്നാണ്. അകലെ നിന്ന് തിരുവണ്ണാമല സ്റ്റേഷനിലേക്ക് വരുന്ന ട്രെയന്‍ ആരുടെയോ ശ്രദ്ധയില്‌പെട്ടു. . അന്ന് മീറ്റര്‍ ഗേജ് ട്രെയ്‌നാണ്. അതുകൊണ്ട് അധികവും പാസ്സെഞ്ചര്‍ വണ്ടികളാണ്. വണ്ടി അകലെനിന്നു വരുന്നതും സ്റ്റെഷനില്‍ നില്ക്കു ന്നതും കാണാം. വീണ്ടും അവിടെ നിന്ന് പുറപ്പെട്ടു കുറേദൂരം യാത്ര ചെയ്തു അടുത്ത സ്റ്റേഷനില്‍ നില്ക്കു ന്നതും വീണ്ടും പുറപ്പെട്ടു കുറെ ദൂരം പോകുന്നതുമൊക്കെ മലമുകളില്‍ ഒരേ സ്ഥലത്ത് നിന്ന് കാണാം. ഒരേ ട്രെയ്ന്‍ന്റെ യാത്ര കിലോമീറ്ററുകളോളം ഒരേ സ്ഥലത്ത് നിന്ന് പിന്തുടരാന്‍ കഴിയുന്ന അപൂര്വ്വ ഭാഗ്യം. . ഏകദേശം പത്തു പതിനഞ്ചു കിലോമീറ്റര്‍ ദൂരം ട്രെയ്ന്‍ ഇഴഞ്ഞു പോകുന്നത് കണ്ടുകാണുമെന്നാണ് തോന്നുന്നത്. ഗൈഡ് തിരിച്ചെത്തിയതോടെ ഇറക്കം തുടങ്ങി. പെരിയ കോവിലിനു അടുത്തെത്തി ട്രിച്ചിക്കാര്‍ യാത്ര പറഞ്ഞു പോയി.
സ്‌കന്ദാശ്രമത്തിനു താഴെ, വിരൂപാക്ഷ ഗുഹയുടെ അടുത്തു ഒരു കുടില്‍ ഇപ്പോഴും കാണാം. അവിടെ മലമുകളിലെ സ്വാമിയുടെ ഫോട്ടോ ഉണ്ടായിരുന്നു. സ്വാമി അയ്യപ്പന്റെയും. ആയിടയ്ക്ക് ആരോ സ്വാമിയുടെ ഫോട്ടോ എടുത്തു അച്ചടിച്ച് വിതരണം ചെയ്തിരുന്നു.. ഷെഡ് ഇപ്പോഴുമുണ്ട്. വിരൂപാക്ഷ ഗുഹ സന്ദര്ശിക്കുന്നവരെ അങ്ങോട്ട് ക്ഷണിച്ച് പ്രസാദം നല്കി പൈസ വാങ്ങുന്ന സ്ത്രീകളെ ഇപ്പോള്‍ കാണാം.
അയ്യപ്പനുമായി സ്വാമിക്ക് എന്താണ് ബന്ധം എന്നറിയില്ല. എന്തായാലും അയ്യപ്പന്റെ യോഗ പട്ടബന്ധം പോലെയാണ് ഇരുപ്പു. പട്ടബന്ധം ഇല്ലെന്നു മാത്രം. അയ്യപ്പന്റെ ഇരുപ്പു പ്രത്യേകത ഉള്ളതാണ്. കര്ണ്ണാടകയിലെ ഹമ്പിയില്‍ യോഗ(ഉഗ്ര) നരസിംഹ മൂര്ത്തി ഇങ്ങനെയാണ് ഇരിക്കുന്നത്. നരസിംഹ മൂര്ത്തി്യുടെ കാലു ക്രോസ് ചെയ്തിട്ടില്ല. അയ്യപ്പന്റെ കാലുകള്‍ കുറുകെയാണ്. ഇതിനു കാരണം ഹംപിയിലെ മൂര്ത്തി പത്‌നീ സമേതനും, അയ്യപ്പന്‍ ബ്രഹ്മചാരിയുമായതുകൊണ്ടാണെന്നാണ് പറയുന്നത്. ബ്രഹ്മചാരിക്ക് അല്പം കൂടുതല്‍ നിയന്ത്രണം. ഈ രൂപത്തില്‍ ഇരിക്കുമ്പോള്‍ ശ്വാസ ഗതി നിയന്ത്രിക്കാന്‍ കഴിയും. വേറെ പ്രാണായാമത്തിന്റെ ആവശ്യമില്ല. അത് മറ്റൊരു വിഷയം. പില്ക്കാ ലത്തെ ഫോട്ടോകളില്‍ നമ്മുടെ സ്വാമി പത്മാസനത്തിലാണ്
കഴിഞ്ഞ ദിവസം(20/5/20) ഒരു ഓണ്‌ലൈന്‍ പ്രസിദ്ധീകരണത്തില്‍ ജാഹ്നവ നിതായ് ദേശായ് എന്നൊരാള്‍ സ്വാമിയെപ്പറ്റി എഴുതിയത് കണ്ടു. അപ്പോഴാണ് പഴയ കാര്യങ്ങള്‍ ഓര്മ്മ വന്നത്. ഇനി പറയുന്നത് നിതായ് ദേശായിയും മറ്റു പലരും എഴുതിയ കാര്യങ്ങളാണ്.
സ്വാമിയുടെ പേര് നാരായണ സ്വാമി എന്നാണ്. അയ്യാ എന്നാണു ജനങ്ങള്‍ വിളിച്ചിരുന്നത്. അയ്യാ വൈകുണ്ട സ്വാമിയുടെ ശിഷ്യനായതുകൊണ്ടാണ്. (അയ്യാ വൈകുണ്ട സ്വാമി 1851ല്‍ സമാധി ആയതാണ്. ചിലപ്പോള്‍ അദ്ദേഹത്തിന്റെ ശിഷ്യ പരമ്പരയില്‍ പെട്ട ആളാകാം) 18 കൊല്ലം സ്വാമി മലയുടെ മുകളില്‍ താമസിച്ചിരുന്നു. ഇത്രയും കാലം ഭക്ഷണമൊന്നും കഴിച്ചിരുന്നില്ല. സ്വാമിക്ക് ഒരു ആട്ടിടയന്‍ ശിഷ്യനുണ്ടായിരുന്നു. അയാള്‍ ദിവസവും പാല് കൊണ്ട് പോയി കൊടുത്തിരുന്നു. അതില്‍ ഭസ്മവും ചില ഇലകളുടെ ചാറും ചേര്ത്തു സ്വാമി ഒരു ചായപോലെ ഉണ്ടാക്കി കുടിച്ചിരുന്നു. നിതായ് ദേശായ് 1997ല്‍ സന്ദര്ശി ക്കുമ്പോള്‍ ഇത് കണ്ടിട്ടുണ്ട്. അന്ന് പാലിലല്ലാ, വെള്ളത്തിലാണ് ചായ ഉണ്ടാക്കിയത് . പില്ക്കാ ലത്ത് അദ്ദേഹത്തിനു ചില ശിഷ്യരുണ്ടായി. അവരും മല മുകളില്‍ താമസം തുടങ്ങി. കുറെക്കാലം കഴിഞ്ഞു കന്യാകുമാരിക്കടുത്തു പല്ക്കുളം എന്നൊരു ഗ്രാമത്തിലേക്ക് പോയി. അവിടെ വെച്ച് രണ്ടു വര്ഷം മുന്പ് സമാധി ആയി. ആട്ടിടയന്‍ ശിഷ്യനും മരിച്ചിട്ട് കുറെക്കാലമായി.
2005നു ശേഷം മലയിറങ്ങിയ സ്വാമി ടൌണില്‍ ചില സ്ഥലങ്ങളില്‍ താമസിച്ചിരുന്നുവെന്നും ഇടയ്ക്കിടക്ക് കേരളത്തില്‍ പോയി വരാറുണ്ടെന്നുമൊക്കെ മറ്റൊരാള്‍ 2006ല്എ്‌ഴുതിയിട്ടുണ്ട്. 16 വര്ഷം മലമുകളില്‍ താമസിച്ചു എന്നാണു ഇദ്ദേഹം പറയുന്നത്.
പിന്കുറിപ്പ്: മലയില്‍ നിന്ന് അന്ന് പറിച്ചെടുത്ത ഇലകള്‍ ഭദ്രമായി ബാഗില്‍ വെച്ചാണ് അടുത്ത ദിവസം ചെന്നയിലെത്തിയത്. അവിടെ യോഗാധ്യാപകനായ ഒരു സുഹൃത്തിനോട് ഈ കഥകളൊക്കെ പറഞ്ഞു കഴിഞ്ഞു ബാഗ് തപ്പി. ഇലകള്‍ കാണിച്ചു കൊടുക്കാന്‍. ഇല പോയിട്ട് അത് അവിടെ കിടന്നതിന്റെ യാതൊരു പാടും ബാഗിലില്ലായിരുന്നു.
https://www.facebook.com/sasisankarm/posts/3819386078132582
Discussion about this post