വയനാട്: സംസ്ഥാനത്ത് കൊവിഡ് 19 ബാധിച്ച് ഒരാൾ കൂടി മരിച്ചു. വയനാട് കൽപ്പറ്റ സ്വദേശിനി ആമിനയാണ് മരിച്ചത്. ഇവർക്ക് 53 വയസ്സായിരുന്നു. ഇവർ ഏറെക്കാലമായി അർബുദ രോഗത്തിന് ചികിത്സയിലായിരുന്നു.
ഏറെനാളായി ദുബായിൽ താമസമായിരുന്നു ആമിന. വിദേശത്ത് ചികിത്സയിലിരിക്കെ അസുഖം ഗുരുതരമായതിനെ തുടര്‍ന്നാണ് ഇവർ നാട്ടിലെത്തിയത്. ദുബായിൽ നിന്ന് പ്രത്യേക വിമാനത്തിൽ കൊച്ചി വഴി കോഴിക്കോട് എത്തുകയായിരുന്നു.
ഈ മാസം ഇരുപതിനാണ് ആമിന ചികിത്സക്കായി നാട്ടിലെത്തിയത്. സ്വകാര്യ ആശുപത്രിയിലെ ചികിത്സക്കിടെയാണ് രോഗം സ്ഥിരീകരിച്ചത്. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇവരുടെ മരണാനന്തര ചടങ്ങുകൾ കൊവിഡ് പ്രോട്ടോക്കോൾ പ്രകാരമാകും നടത്തുക. ഇതോടെ കേരളത്തിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി.












