ന്യൂ ഡൽഹി : ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചു വിടാനൊരുങ്ങി യൂബർ.കോവിഡ് മഹാമാരിയുടെ വ്യാപനമേൽപ്പിച്ച ആഘാതത്തെ തുടർന്ന് യൂബറിലെ 600 ജീവനക്കാരെ പിരിച്ചു വിടാൻ തീരുമാനിച്ചിരിക്കുകയാണെന്ന് യൂബർ ഇന്ത്യ മാധ്യമങ്ങളോട് വെളിപ്പെടുത്തി.ഇന്ത്യ മുഴുവനുമുള്ള യൂബർ വാഹനങ്ങൾ ഓടിക്കുന്ന ഡ്രൈവർമാരെയാണ് ഈ പിരിച്ചു വിടൽ ബാധിക്കുകയെന്ന് യൂബർ ഇന്ത്യയുടെ പ്രസിഡന്റായ പ്രദീപ് പരമേശ്വരൻ വ്യക്തമാക്കി.
പിരിച്ചു വിടുന്ന യൂബറിലെ ജീവനക്കാർക്കെല്ലാം 10 ആഴ്ചയിലെ ശമ്പളവും അടുത്ത ആറു മാസത്തേക്കുള്ള മെഡിക്കൽ ഇൻഷുറൻസും അനുവദിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.ലോകം മുഴുവനുമുള്ള ഏഴായിരത്തോളം ജീവനക്കാരെയാണ് യൂബർ കൊറോണ വൈറസിന്റെ വ്യാപനത്തെ തുടർന്ന് പിരിച്ചു വിടുന്നത്.ഇന്ത്യൻ കമ്പനിയായ ഒഎൽഎ ക്യാബ്സും കഴിഞ്ഞ ദിവസം 1400 ജീവനക്കാരെ പിരിച്ചു വിടുന്നതായി അറിയിച്ചിരുന്നു.ഇതിന് പിന്നാലെയാണ് യൂബറിന്റെ ഈ തീരുമാനം.








