ഹൈദരാബാദ്: നരേന്ദ്രമോദിയെ ടൂറിസ്റ്റ് പ്രധാനമന്ത്രി യെന്ന് വിശേഷിപ്പിച്ച കോണ്‍ഗ്രസിന് ബിജെപിയുടെ മറുപടി. കിണറിലെ തവളയെപോലെ എങ്ങോട്ടും പോകാതെ ഒരു സ്ഥലത്ത് തന്നെ മോദി ഇരിക്കണം എന്നാണോ കോണ്‍ഗ്രസുകാരുടെ ആവശ്യമെന്ന് കേന്ദ്ര പാര്‍ലമെന്ററി കാര്യമന്ത്രി വെങ്കയ്യനായിഡു ചോദിച്ചു.
ടൂറിസ്റ്റ് മന്ത്രിയെന്ന് കോണ്‍ഗ്രസ് പറഞ്ഞിരിക്കുന്നു അതിനര്‍ത്ഥം ഒരു സ്ഥലത്ത് തന്നെ മോദി ഇരിക്കണം എന്നാണോ ? വിദേശരാജ്യങ്ങളില്‍ മോദി പ്രസംഗിക്കും പാര്‍ലമെന്റില്‍ വരാറില്ല എന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. ഇന്ത്യയെ ലോകരാജ്യങ്ങളുടെ മുന്‍നിരയില്‍ എത്തിക്കണമെങ്കില്‍ വിദേശരാജ്യങ്ങളുമായുള്ള സൗഹൃദം അനിവാര്യമല്ലേയെന്നും നായിഡു ചോദിച്ചു.
ധനകമ്മി, വ്യാപാര കമ്മി, എന്നിവയൊക്കെയാണ് കഴിഞ്ഞ യുപിഎ സര്‍ക്കാര്‍ മോദി സര്‍ക്കാരിന് തന്നിട്ട് പോയത്. രൂപയുടെ മൂല്യം കുറഞ്ഞുകൊണ്ടിരിക്കുന്നു. എല്ലാ കുറവുകളും എന്‍ഡിഎ സര്‍ക്കാരിന് നല്‍കിയാണ് യുപിഎ പോയത്. ഇത് എല്ലാം മറികടക്കാനുള്ള പരിശ്രമത്തിലാണ് പ്രധാനമന്ത്രി. രാജ്യത്തിന്റെ വളര്‍ച്ച മോദി സര്‍ക്കാര്‍ വന്നതിനുശേഷം 4.6 ശതമാനത്തില്‍ നിന്നും 7.3 ആയി ഉയര്‍ന്നിരിക്കുന്നുവെന്നും നായിഡു ചൂണ്ടിക്കാട്ടി.
മോദിയെ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയും റഷ്യന്‍ പ്രസിഡന്റ് പുടിനും അഭിനന്ദിക്കുന്നു. ജനങ്ങളുടെ ഹീറോ എന്നാണ് പുടിന്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചത്. അബുദാബി കിരീടാവകാശി പ്രോട്ടോക്കോള്‍ ലംഘിച്ചാണ് അദ്ദേഹത്തെ വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ എത്തിയത് – നായിഡു പറഞ്ഞു. പാര്‍ലമെന്റ് തടസ്സപ്പെടുത്തിയതുപോലെ പ്രതിഷേധം സംഘടിപ്പിച്ച് മോദിക്ക് പ്രതിബന്ധം സൃഷ്ടിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും വെങ്കയ്യ നായിഡു ആരോപിച്ചു.
Discussion about this post