ഡൽഹി: നിസർഗ തീവ്ര ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഉച്ചയോടെ ഇത് മുംബൈ, ഗുജറാത്ത് തീരപ്രദേശങ്ങളിൽ ആഞ്ഞടിക്കും. 110 കിലോമീറ്റർ വേഗത്തിലായിരിക്കും ഇത് മുംബൈ തീരത്ത് ആഞ്ഞടിക്കുക. മുംബൈയിൽ നിന്ന് ഏതാണ്ട് 100 കിലോമീറ്റർ ദൂരെയുള്ള അലിബാഗിലാണ് ചുഴലിക്കാറ്റ് തീരം തൊടുക. ഇതിനു മുന്നോടിയായി മുംബൈ നഗരത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.
ചുഴലിക്കാറ്റ് വീശിയടിക്കുന്നതിനാൽ മുംബൈയിൽ കനത്ത മഴ തുടരും. ഇന്നലെ രാത്രി മാത്രം 33 മില്ലിമീറ്റർ മഴയാണ് നഗരത്തിൽ പെയ്തിരിക്കുന്നത്. കടൽ കാര്യമായി കരയിലേക്ക് കയറാൻ സാധ്യതയുണ്ടെന്നും, നഗരത്തിൽ വലിയ വെള്ളപ്പൊക്കം ഉണ്ടായേക്കാമെന്നും മുന്നറിയിപ്പുണ്ട്. ബീച്ചുകൾ, പാർക്കുകൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിലേക്കൊന്നും, ആളുകൾ എത്തരുതെന്ന് ബൃഹൻമുംബൈ കോർപ്പറേഷനും പൊലീസും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. മഹാരാഷ്ട്ര, ഗുജറാത്ത്, ദാമൻ & ദിയു, ദാദ്ര & നാഗർഹവേലി എന്നീ തീരങ്ങളിലാണ് കനത്ത ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്.
അടിയന്തര സാഹചര്യം നേരിടാൻ ദേശീയ ദുരന്ത പ്രതികരണ സേന മഹാരാഷ്ട്രയിൽ നിലയുറപ്പിച്ചിട്ടുണ്ട്. മഹാരാഷ്ട്ര, ഗുജറാത്ത് തീരങ്ങളിലായി 30 ദേശീയദുരന്തപ്രതികരണസേനാ സംഘങ്ങളെയാണ് നിയോഗിച്ചിരിക്കുന്നത്. 45 പേർ വീതമാണ് ഓരോ സംഘത്തിലുമുള്ളത്. മുംബൈ, താനെ, റായ്ഗഢ് എന്നീ ജില്ലകളിലെ തീരമേഖലകളിൽ, സാധാരണയിലേക്കാൾ രണ്ട് മീറ്ററെങ്കിലും ഉയരത്തിൽ തിരമാലകൾ വീശിയടിക്കാനും സാദ്ധ്യതയുണ്ട്.








