ന്യൂഡൽഹി : ആഗോള തീവ്രവാദത്തിന്റെ പ്രഭവകേന്ദ്രം പാക്കിസ്ഥാനാണെന്ന ഇന്ത്യയുടെ പ്രസ്താവനയെ സാധൂകരിക്കുന്ന റിപ്പോർട്ടുമായി ഐക്യരാഷ്ട്ര സംഘടന. പാക്കിസ്ഥാന്റെ തീവ്രവാദസംഘടനകളായ ജയ്ഷ് -ഇ -മുഹമ്മദും ലഷ്കർ-ഇ-തായ്ബയും അഫ്ഗാനിസ്ഥാനിലേക്ക് ക്രമസമാധാനം തകർക്കുന്നതിനു വേണ്ടി തീവ്രവാദികളെ കയറ്റി അയക്കുന്നുണ്ടെന്ന് യുഎൻ ഇപ്പോൾ പുറത്തുവിട്ട റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.അഫ്ഗാനിസ്ഥാനിലെ ഭീകരസംഘടനകളിൽ 6,500 പാകിസ്ഥാൻ പൗരന്മാർ അംഗങ്ങളാണെന്നും യു.എൻ രക്ഷാ സമിതിയുടെ റിപ്പോർട്ടിൽ പ്രത്യേകം എടുത്തു പറയുന്നുണ്ട്.
ഒരുപാട് നാളുകളായി ഇന്ത്യ ആവർത്തിച്ചു പറഞ്ഞിരുന്ന കാര്യമാണ് ഈ റിപ്പോർട്ടുകളിലൂടെ വ്യക്തമായതെന്ന് ഇന്ത്യയിലെ വിദേശകാര്യ വകുപ്പിന്റെ ഔദ്യോഗിക വക്താവായ അനുരാഗ് ശ്രീവാസ്തവ ചൂണ്ടിക്കാട്ടി.ലോകത്തിന്റെ പലഭാഗങ്ങളിൽ അക്രമത്തിന്റെയും മതതീവ്രവാദത്തിന്റെയും കെട്ടഴിച്ചു വിടുകയാണ് പാകിസ്ഥാൻ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.








