പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണും തമ്മില്‍ നടന്ന വിര്‍ച്വല്‍ കൂടിക്കാഴ്ചക്കിടെ സൈനിക സഹകരണം ഉള്‍പ്പടെ വിവിധ കരാറുകള്‍ ഒപ്പുവെച്ചു. സൈനിക താവളങ്ങള്‍ പങ്കുവെക്കുന്നതുള്‍പ്പടെ ഏഴ് കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പിട്ടു.ചൈനയുമായുള്ള സംഘര്‍ഷങ്ങള്‍ വര്‍ധിച്ചിരിക്കെ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള കരാറുകള്‍ ഇന്ത്യ്ക്ക് ഏറെ നേട്ടമുണ്ടാക്കും.
ഇരുരാജ്യങ്ങളുടെയും സൈനിക താവളങ്ങള്‍ പരസ്പരം ഉപയോഗിക്കാനുള്ള കരാറാണ് ഇന്ത്യയ്ക്ക് ഏറെ നേട്ടമാവുക. കരാര്‍ പ്രകാരം ഇരുരാജ്യങ്ങളുടെയും സേനകള്‍ക്ക് രണ്ട് രാജ്യങ്ങളുടെയും നിയന്ത്രണത്തിലുള്ള സൈനിക താവളങ്ങള്‍ ഉപയോഗിക്കാം. യുദ്ധക്കപ്പലുകള്‍ക്കും യുദ്ധ വിമാനങ്ങള്‍ക്കും സേനാ താവളങ്ങളില്‍ നിന്ന് ഇന്ധനം നിറയ്ക്കാനും അറ്റകുറ്റപ്പണികള്‍ നടത്താനും ഇതുവഴി സാധിക്കും. മേഖലയില്‍ ചൈന ഉയര്‍ത്തുന്ന ഭീഷണികളെ പ്രതിരോധിക്കുന്നതിന് ഈ നീക്കം ഏറെ പ്രധാനമാണ്. ഓസ്‌ട്രേലിയയ്ക്കു മുമ്പ് അമേരിക്കയുമായി സമാനമായ കരാര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യ ഒപ്പുവെച്ചിരുന്നു.
ഇന്ത്യ ഓസ്‌ട്രേലിയ പങ്കാളിത്തത്തിന്റെ പുതിയ മാതൃകയാണ് ഇതെന്ന് മോദി പറഞ്ഞു. മികച്ച ചര്‍ച്ചയാണ് നടന്നതെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള എല്ലാ സാധ്യകളേപ്പറ്റിയും തങ്ങള്‍ സംസാരിച്ചെന്നും മോദി കൂട്ടിച്ചേര്‍ത്തു. ഇതാദ്യമായാണ് ഒരു വിദേശ ഭരണാധികാരിയുമായി മോദി ഉഭയകക്ഷി ചര്‍ച്ച വിര്‍ച്വലായി നടത്തുന്നത്.
ഇന്തോ പസഫിക് മേഖലയില്‍ ഇന്ത്യയ്ക്ക് സുപ്രധാന പങ്കുണ്ടെന്ന് ആസ്‌ത്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ ഉച്ചക്കോടിയുടെ ആമുഖപ്രസംഗത്തില്‍ പറഞ്ഞു. ഇന്ത്യ ആസ്‌ത്രേലിയ ബന്ധം സമഗ്ര തന്ത്രപ്രധാന തലത്തിലേക്ക് ഉയര്‍ന്നുവെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.
നിലവിലെ കൊവിഡ് പ്രതിസന്ധി അവസരമാക്കി മാറ്റാന്‍ ശ്രമിക്കുകയാണ് ഇന്ത്യയെന്നും മോദി പറഞ്ഞു. സര്‍ക്കാര്‍ സ്വീകരിച്ച സാമ്പത്തിക പരിഷ്‌കാര നടപടികളുടെ ഫലം വൈകാതെ കണ്ടു തുടങ്ങുമെന്നും മോദി പറഞ്ഞു.











