ഡല്‍ഹി: 1993 മുംബയ് സ്‌ഫോടന കേസുകളില്‍ ഇന്ത്യ തേടുന്ന മുഖ്യപ്രതിയും അധോലോക നായകനുമായ ദാവൂദ് ഇബ്രാഹിം
പാകിസ്ഥാനില്‍ തന്നെയുണ്ടെന്നതിന് പുതിയ തെളിവുകള്‍ പുറത്ത് വന്നു. പാകിസ്ഥാനിലെ തുറമുഖ നഗരമായ കറാച്ചിയിലെ ക്ലിഫ്ടണ്‍ റോഡിലെ വസതിയിലാണ് ദാവൂദ് താമസിക്കുന്നതെന്ന് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കി.
ദാവദിന്റെ ഫോണ്‍ ബില്ലുകളെ അടിസ്ഥാനമാക്കിയാണ് ഈ നിഗമനത്തില്‍ എത്തിയത്. ദാവൂദിന്റെ ഏറ്റവും പുതിയ ചിത്രവും പുറത്തു വിട്ടിട്ടുണ്ട്.
ദാവൂദിന്റെ ഭാര്യയുടെ പേരിലുള്ള 2015 ഏപ്രില്‍ മാസത്തിലെ ടെലഫോണ്‍ ബില്ലും ഇന്ത്യന്‍ ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടുണ്ട്. ഇതിലുള്ള വിലാസവും കറാച്ചിയിലേതാണ്. ഇതിന് പുറമെ, ദാവൂദിന്റെ കുടുംബാംഗങ്ങള്‍ പാക്കിസ്ഥാനില്‍ നിന്ന് ദുബായിലേക്കും ദുബായില്‍ നിന്ന് തിരികെ പാക്കിസ്ഥാനിലേക്കും ഈ വര്‍ഷം ഒട്ടേറെത്തവണ യാത്ര ചെയ്തതിന്റെ തെളിവുകളുമുണ്ട്. ദാവൂദിന്റെ പാക്കിസ്ഥാനി പാസ്‌പോര്‍ട്ടിന്റെ ചിത്രവും ലഭിച്ചിട്ടുണ്ട്. ദാവൂദ് പാക്കിസ്ഥാനില്‍ത്തന്നെയുണ്ടെന്ന ഇന്ത്യയുടെ വാദം ശരിവയ്ക്കുന്ന തെളിവുകളാണിവ. ദാവൂദിന്റെ കൈവശം പാകിസ്ഥാന്റെ മൂന്നു പാസ്‌പോര്‍ട്ടുകള്‍ ഉണ്ടെന്നും അന്വേഷണത്തില്‍ വ്യക്തമായി. ദാവൂദ് പാകിസ്ഥാനിലുണ്ടെന്ന് ഇന്ത്യ നേരത്തെ തന്നെവ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇത് പാകിസ്ഥാന്‍ തള്ളുകയും ചെയ്തു.
ദാവൂദിന്റെ ഭാര്യ മെഹ്ജാബീന്‍ ഷെയ്ഖ്, മകന്‍ മോയിന്‍ നവാസ്, പുത്രിമാരായ മാഹ്‌റൂക്, മെഹ്‌റീന്‍, മാസിയ എന്നിവരും ക്ലിഫ്ടണിലാണ് താമസം. മോയീന്‍ വിവാഹം ചെയ്തിരിക്കുന്നത് സാനിയയേയും മാഹ്‌രൂഖ് വിവാഹം ചെയ്തിരിക്കുന്നത് പാകിസ്ഥാന്‍ മുന്‍ ക്രിക്കറ്ര് ക്യാപ്ടന്‍ ജാവേദ് മിയാന്‍ദാദിന്റെ മകന്‍ ജുനൈദിനേയുമാണ്.
Discussion about this post