കിടങ്ങൂര്‍: തരിശു നിലമായിക്കിടന്ന തിരുനാട് പാടശേഖരത്തില്‍ ജൈവ കൃഷിയിലൂടെ പച്ചപ്പ് വിളയിച്ച കിടങ്ങൂര്‍ എന്‍.എസ്.എസ്. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികള്‍ നൂറുമേനി കൊയ്തു. അരിയും ഉപോല്പ്പന്നങ്ങളുമുണ്ടാക്കി ചോതി നാളില്‍ വിപണനവും ആഘോഷമാക്കി. ഓണനാളില്‍ നല്ല കുത്തരിയുടെ ചോറുണ്ണാന്‍ കിട്ടിയ അവസരം നാട്ടുകാരും പാഴാക്കിയില്ല. കിടങ്ങൂര്‍ ബസ്ബേയില്‍ ഇന്നലെ രാവിലെ പത്തിനു വിപണനമേള ആരംഭിച്ചു. പാരമ്പര്യ നെല്‍വിത്തായ കണ്ണുകുളമ്പനില്നിന്നു കിട്ടിയ നൂറുമേനി വിളവ് പണമാക്കാന്‍ അധികസമയം വേണ്ടിവന്നില്ല.
കിട്ടിയ വിളവില്‍ പാതി കുത്തി അരിയാക്കി വിറ്റു. ബാക്കി അരിപ്പൊടി, പുട്ടുപൊടി, അവലോസുപൊടി തുടങ്ങിയ ഭക്ഷ്യ ഉല്പ്പന്നങ്ങളാക്കിയതോടെ വാങ്ങാന്‍ നാട്ടുകാര്‍ തടിച്ചുകൂടി. രണ്ടര ഏക്കറില്‍ കഴിഞ്ഞ വര്‍ഷമാണ് വിദ്യാര്‍ഥികള്‍ നെല്ലു വിതച്ചത്. വളമായി ഗോമൂത്രവും ചാണകവും മാത്രം ഉപയോഗിച്ചതോടെ തിരുനാട് പാടശേഖരം തളിര്‍ത്തു. പച്ചപ്പ് നിറഞ്ഞ പാടത്ത് കുട്ടികള്‍ നാടന്‍ പാട്ടുപാടി കൊയ്ത്തുത്സവവും ആഘോഷമാക്കിയപ്പോള്‍ പോയകാലത്തിന്റെ കാര്‍ഷികസമൃദ്ധിയുടെ വിളിച്ചോതലായി.
സ്കൂളിലെ ആരണ്യകം പരിസ്ഥിതി ക്ലബിന്റെ ആഭിമുഖ്യത്തില്‍ നടന്ന വിപണനമേളയ്ക്ക് മുന്നോടിയായി പി.ടി.എ. പ്രസിഡന്റ് സതീശന് കുന്നത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പഞ്ചായത്ത് പ്രസിഡന്റ് കെ.എം. രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ഹരിതസേനാ കോഓര്‍ഡിനേറ്റര്‍ വേണുഗോപാല്‍ വാര്യത്ത്, കൃഷി ഓഫീസര്‍ ഉണ്ണിക്കൃഷ്ണന്, പ്രിന്‍സിപ്പല്‍ കെ.സി. വിജയകുമാര്‍, ഹെഡ്മിസ്ട്രസ് എം.കെ. ശ്രീകുമാരി എന്നിവര്‍ പങ്കെടുത്തു. വിപണനമേളയില്‍ വിദ്യാര്‍ഥികള്‍ക്കു കൂട്ടായി അധ്യാപകരുമുണ്ടായിരുന്നു.
Discussion about this post