പ്രശസ്ത മാധ്യമമായ ദ് ഹിന്ദുവിൽ നിന്നും ഒറ്റയടിക്ക് നൂറിലധികം പത്രപ്രവർത്തകരെ പിരിച്ചുവിടുന്നുവെന്ന് റിപ്പോർട്ടുകൾ.ഹഫിങ്ടൺ പോസ്റ്റ് പ്രസിദ്ധീകരിച്ച വാർത്ത പ്രകാരം, പത്രപ്രവർത്തകരെ മുഴുവൻ അർഹമായ ആനുകൂല്യങ്ങൾ നൽകാതെയാണ് പുറത്താക്കുന്നത്.കോവിഡ് മഹാമാരി മാധ്യമ മേഖലയെ ശക്തമായി ബാധിച്ചിട്ടുണ്ട്. ഇതിന്റെ പ്രത്യാഘാതമായാണ് ജീവനക്കാരുടെ കൂട്ട പിരിച്ചു വിടൽ.
ഹിന്ദുവിന്റെ മുംബൈ എഡിഷനിൽ വർക്ക് ചെയ്യുന്നവരാണ് അധികൃതരുടെ തീരുമാനത്തിൽ ഏറ്റവുമധികം ബാധിക്കപ്പെട്ടിരിക്കുന്നത്.മുംബൈ ശാഖയിലെ 20 ജീവനക്കാരോട് ജൂൺ 30നുള്ളിൽ രാജിവെക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ് മാനേജ്മെന്റ്.മൂന്ന് മാസത്തെ അടിസ്ഥാന ശമ്പളവും ഡി.എയും ലഭിക്കുമെന്ന് എഡിറ്റർ പറഞ്ഞുവെന്നാണ് പേര് പറയരുതെന്ന വ്യവസ്ഥയിൽ മുംബൈ ശാഖയിലെ ഒരു ലേഖകൻ ഹഫിങ്ടൺ പോസ്റ്റിനോട് വെളിപ്പെടുത്തിയത്. എന്നാൽ, അക്കാര്യം രേഖാമൂലം എഴുതിത്തരാൻ എഡിറ്റർ തയ്യാറായില്ലെന്നും അയാൾ പറഞ്ഞു.ഹിന്ദുവിന്റെ വിവിധ ശാഖകളിൽ ബന്ധപ്പെട്ടത് പ്രകാരം ലേഖകരും സബ് എഡിറ്റർമാരും മറ്റു ജീവനക്കാരുമടക്കം നൂറിലധികം പേരെയാണ് മാനേജ്മെന്റ് പിരിച്ചു വിടാൻ തയ്യാറെടുക്കുന്നത് എന്നാണ് ഹഫിങ്ടൺ പോസ്റ്റ് പുറത്തു വിടുന്ന വാർത്ത.
Discussion about this post