ഡൽഹി: സ്ഥാപിതമായതിന് ശേഷം ആദ്യമായി നൂറു ശതമാനം കൃത്യനിഷ്ഠ പാലിച്ച് ഇന്ത്യൻ റെയിൽവേ. കൊവിഡ് പശ്ചാത്തലത്തിൽ പ്രത്യേക സർവ്വീസ് നടത്തുന്ന എല്ലാ ട്രെയിനുകളും നൂറു ശതമാനം സമയനിഷ്ഠ ഉറപ്പുവരുത്തണമെന്ന് കഴിഞ്ഞ മാസം റെയിൽവേ എല്ലാ മേഖലകൾക്കും നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു വ്യാഴാഴ്ചയോടെ നിലവിൽ സർവ്വീസ് നടത്തുന്ന 230 ട്രെയിനുകളും കൃത്യ സമയം പാലിച്ച് ചരിത്രത്തിന്റെ ഭാഗമായി മാറിയത്.
അതേസമയം ആകെ ട്രെയിനുകളുടെ രണ്ട് ശതമാനത്തിൽ താഴെ എണ്ണം മാത്രമാണ് നിലവിൽ രാജ്യത്ത് സർവ്വീസ് നടത്തുന്നത്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഗതാഗത നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ട്രെയിൻ സർവ്വീസുകൾ പരിമിതപ്പെടുത്തിയിരിക്കുകയാണ്. ഇതാണ് റെയിൽവേക്ക് ഈ നേട്ടം കൈവരിക്കാൻ സഹായകമായത്.
കഴിഞ്ഞ ജൂൺ 23ആം തീയതി ഇന്ത്യൻ റെയിൽവേ ഈ ചരിത്ര നേട്ടത്തിനരികെ എത്തിയിരുന്നു. എന്നാൽ അന്ന് ഒരു ട്രെയിൻ വൈകി ഓടിയതോടെ ലക്ഷ്യം നേടാനാവതെ പോവുകയായിരുന്നു.
Discussion about this post