നിലമ്പൂരിലെ ആശുപത്രിയിൽ വെച്ച് കുരുന്നിൻ്റെ മാല പൊട്ടിച്ച് വിഴുങ്ങിയ മോഷ്‌ടാവിൻ്റെ പരാക്രമം കണ്ട് അന്തംവിട്ട് പോലീസ്. പോലീസിനെ വെട്ടിച്ച് തൊണ്ടിമുതൽ നശിപ്പിക്കാൻ വിഴുങ്ങിയ മാല പുറത്തുവന്നപ്പോൾ യുവതി ക്ലോസറ്റിലിട്ട് ഒഴുക്കിക്കളഞ്ഞു. മുക്കട്ട പാലേമാട് സ്വദേശിനി കല്ലൻകുന്നൻ സമീന (35) ആണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോലീസിനെ കുഴപ്പിച്ചത്. വ്യാഴാഴ്ച നിലമ്പൂരിലെ ആശുപത്രിയിൽ എത്തിയ കുട്ടിയെ ലാളിക്കുന്നതിനിടെയാണ് യുവതി 3.5 ഗ്രാം തൂക്കമുള്ള മാല കവർന്നത്. പിടിക്കപ്പെടുമെന്നായപ്പോൾ മാല വിഴുങ്ങുകയായിരുന്നു. തുടർന്ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച യുവതിയെ നിരീക്ഷിക്കാൻ പൊലീസിനെ നിയോഗിക്കുകയും തൊണ്ടിമുതൽ വീണ്ടെടുക്കാൻ ഡയപ്പർ നൽകുകയും ചെയ്തിരുന്നു.
എന്നാൽ ഇന്നലെ രാത്രി ടോയ്‌ലറ്റിൽ പോയപ്പോൾ മാല പുറത്തുവന്നതോടെ സമീന അക്രമാസക്തയായി. വിസർജ്യം പോലീസുകാർക്ക് നേരെ എറിയുമെന്ന് ഭീഷണിപ്പെടുത്തുകയും നിമിഷങ്ങൾക്കകം മാല ക്ലോസറ്റിലിട്ട് ഫ്ലഷ് ചെയ്യുകയുമായിരുന്നു. ഇതോടെ തൊണ്ടിമുതൽ വീണ്ടെടുക്കാനുള്ള പോലീസിൻ്റെ ശ്രമം പാളി. മോഷണത്തിന് പുറമെ തൊണ്ടിമുതൽ നശിപ്പിച്ചതിനും പോലീസിൻ്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും ഇവർക്കെതിരെ പുതിയ കേസുകൾ രജിസ്റ്റർ ചെയ്തു.
നേരത്തെ നടത്തിയ എക്സറേ പരിശോധനയിൽ ഇവരുടെ വയറ്റിൽ മാലയ്ക്ക് പുറമെ ഒരു സ്വർണ്ണക്കമ്മൽ കൂടി കണ്ടെത്തിയിരുന്നു. വിഴുങ്ങിയത് കുട്ടിയുടെ മാലയല്ല, തൻ്റെ കമ്മലാണെന്ന് വരുത്തിത്തീർക്കാൻ യുവതി ബോധപൂർവ്വം കമ്മൽ വിഴുങ്ങിയതാണെന്നാണ് പോലീസിൻ്റെ നിഗമനം. നിലവിൽ റിമാൻഡ് കാലാവധി പൂർത്തിയാക്കിയ പ്രതിയെ മഞ്ചേരി സബ് ജയിലിലേക്ക് മാറ്റി.









Discussion about this post