പൂനെ: ആഗോള രാഷ്ട്രീയ സാഹചര്യം അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വിദേശ രാജ്യങ്ങളെ അമിതമായി വിശ്വസിക്കുന്നത് അപകടകരമാണെന്ന് ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാൻ. പൂനെയിൽ നടന്ന ‘ജയ് സേ വിജയ്’ സെമിനാറിൽ സംസാരിക്കവെയാണ് ഇന്ത്യയുടെ പ്രതിരോധ നയത്തിൽ വരേണ്ട മാറ്റങ്ങളെക്കുറിച്ച് അദ്ദേഹം വ്യക്തമാക്കിയത്.
“സ്ഥിരമായ സുഹൃത്തുക്കളോ ശത്രുക്കളോ ഉണ്ടെന്ന ധാരണകൾ ഇന്ന് അപ്രസക്തമാണ്. ഇന്നത്തെ ലോകക്രമത്തിൽ ആരാണ് നിങ്ങളുടെ സഖ്യകക്ഷിയെന്നോ ശത്രുവെന്നോ നിർവചിക്കുക പ്രയാസകരമാണ്,. അതിനാൽ തന്നെ ഏത് സാഹചര്യത്തിലും ഒറ്റയ്ക്ക് പ്രവർത്തിക്കാൻ ഇന്ത്യ സജ്ജമാകണം.
വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി കുറയ്ക്കുക എന്നത് കേവലം സാമ്പത്തിക ലക്ഷ്യമല്ല, മറിച്ച് രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാനുള്ള നീക്കമാണ്. വിദേശ ആശ്രിതത്വത്തിൽ നിന്നും കോളനിവാഴ്ചയുടെ ചിന്താഗതികളിൽ നിന്നുമുള്ള മോചനമാണ് ‘ആത്മനിർഭർ’ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
പരമ്പരാഗത യുദ്ധങ്ങളേക്കാൾ ഇന്ന് രാജ്യം നേരിടുന്നത് സൈബർ ആക്രമണങ്ങൾ, ഇൻഫർമേഷൻ വാർഫെയർ, പ്രോക്സി യുദ്ധങ്ങൾ എന്നിവയാണ്. സൈന്യത്തിന് പുറമെ സമൂഹത്തെയാകെ ബാധിക്കുന്ന ഇത്തരം വെല്ലുവിളികളെ നേരിടാൻ നൂതനമായ സാങ്കേതിക വിദ്യകൾ അനിവാര്യമാണ്.
പ്രതിരോധ മേഖലയിലെ ‘ജയ്’ എന്ന സങ്കൽപ്പത്തെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. സംയുക്ത സൈനിക നീക്കങ്ങളും സ്വയംപര്യാപ്തതയും നവീനമായ ചിന്താഗതികളും ഒത്തുചേരുമ്പോഴാണ് രാജ്യം യഥാർത്ഥ വിജയം കൈവരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.










