ന്യൂഡൽഹി : ജോലിക്ക് ഭൂമി കുംഭകോണ കേസിൽ മുൻ റെയിൽവേ മന്ത്രി ലാലു പ്രസാദ് യാദവിനും മുൻ ബീഹാർ മുഖ്യമന്ത്രി റാബ്റി ദേവിക്കും എതിരെ ഡൽഹിയിലെ റൗസ് അവന്യൂ കോടതി തിങ്കളാഴ്ച ഔദ്യോഗികമായി കുറ്റം ചുമത്തി. പൂർണ്ണമായ ക്രിമിനൽ വിചാരണ ആരംഭിക്കാമെന്ന് കോടതി അന്വേഷണ ഏജൻസികളെ അറിയിച്ചു. ക്രിമിനൽ ഗൂഢാലോചന, വഞ്ചന, അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങൾ എന്നിവയ്ക്ക് പ്രത്യേക സിബിഐ ജഡ്ജി വിശാൽ ഗോഗ്നെ ആണ് ഇരുവർക്കും എതിരെകുറ്റം ചുമത്തിയത് .
ലാലു പ്രസാദ് യാദവും റാബ്റി ദേവിയും കോടതിയിൽ ഹാജരായിരുന്നു. കോടതിയിൽ നടന്ന വാദത്തിനിടെ ഇരുവരും കുറ്റം നിഷേധിച്ചു. എന്നാൽ സർക്കാർ ജോലികൾക്ക് പകരമായി ഭൂമി കൈവശപ്പെടുത്തിയത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് പ്രഥമദൃഷ്ട്യാ കണ്ടെത്തിയതായി കോടതി അറിയിച്ചു. ലാലു പ്രസാദ് യാദവിന്റെ നേതൃത്വത്തിൽ സർക്കാർ ജോലികൾ വാഗ്ദാനം ചെയ്ത് തന്റെ കുടുംബാംഗങ്ങൾ വഴി തൊഴിലന്വേഷകരിൽ നിന്ന് സ്ഥാവര സ്വത്തുക്കൾ സമ്പാദിക്കാൻ ഗൂഢാലോചന നടന്നതായി കണ്ടെത്തിയെന്നാണ് പ്രത്യേക സിബിഐ കോടതി അറിയിച്ചത്.
കേസിൽ ചീഫ് പേഴ്‌സണൽ ഓഫീസർമാർ, റെയിൽവേ ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെ 52 പ്രതികളെ കോടതി കുറ്റവിമുക്തരാക്കി. നടപടിക്രമങ്ങൾക്കിടെ അഞ്ച് പ്രതികൾ മരിച്ചു. 103 പ്രതികൾക്കെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചിരുന്നു. ക്രിമിനൽ ഗൂഢാലോചന, വഞ്ചന, അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങൾ എന്നിവയാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.








