കാൺപുർ: കാൺപുരിൽ പൊലീസിനെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് നടന്ന ഏറ്റുമുട്ടലിൽ രണ്ട് കൊടും കുറ്റവാളികൾ കൊല്ലപ്പെട്ടതായി ഉത്തർ പ്രദേശ് സർക്കാർ വ്യക്തമാക്കി. സംഭവത്തിൽ രണ്ട് പൊലീസുകാർക്ക് പരിക്കേറ്റതായും കാൺപുർ ഐ ജി അറിയിച്ചു.
കഴിഞ്ഞ ദിവസം പൊലീസിനെ ആക്രമിക്കാൻ അക്രമികൾ ഉപയോഗിച്ച ആയുധങ്ങളും പൊലീസ് കണ്ടെടുത്തു. മറ്റുള്ള പ്രതികൾക്കായി തിരച്ചിൽ ശക്തമാക്കിയതായും കൊല്ലപ്പെട്ട അക്രമികളെ തിരിച്ചറിയാനായി തിരിച്ചറിയൽ പരേഡ് നടത്തുമെന്നും പൊലീസ് അറിയിച്ചു.
നേരത്തെ വികാസ് ദുബെ എന്ന ക്രിമിനലിനെ പിടികൂടാൻ പുറപ്പെട്ട പൊലീസ് സംഘത്തെ കാൺപുരിൽ വെച്ച് അക്രമികൾ ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ദേവേന്ദ്ര മിശ്ര അടക്കം എട്ട് പൊലീസുകാർ കൊല്ലപ്പെട്ടിരുന്നു.
സംഭവത്തെ ശക്തമായി അപലപിച്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കൊല്ലപ്പെട്ട പൊലീസുകാരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ചു. പ്രതികൾക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കാൻ അദ്ദേഹം പൊലീസിന് നിർദ്ദേശം നൽകി.
Discussion about this post