ഡൽഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ആറര ലക്ഷം കവിഞ്ഞു. 24 മണിക്കൂറിനിടെ 22,771 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 442 പേര്‍ കൂടി മരിച്ചതോടെ കൊവിഡ് മരണം 18,655 ആയി.നിലവിൽ 2,35,433 പേരാണ് ചികിത്സയിൽ ഉള്ളത്.
അതേസമയം രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലുണ്ടാകുന്ന ഗണ്യമായ വർദ്ധന ആശ്വാസകരമാണ്. 3,94,227 പേര്‍ക്ക് ഇതുവരെ രോഗം ഭേദമായി. 60.80 ശതമാനമാണ് രോഗമുക്തി നിരക്ക്. 24 മണിക്കൂറിന് ഇടയിൽ രോഗം ഭേദമായത് 14,335 പേര്‍ക്കാണ്.
വാക്സിൻ നിർമ്മാണത്തിനായുള്ള പരീക്ഷണങ്ങൾ രാജ്യത്ത് യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. കൊവിഡിനെതിരായ ഇന്ത്യൻ നിർമ്മിത വാക്സിൻ സ്വാതന്ത്ര്യ ദിനമായ ആഗസ്റ്റ് 15ന് ഐ സി എം ആർ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ.











