ശ്രീനഗർ: ജമ്മു കശ്മീരിലെ പുൽവാമയിൽ നടന്ന ഏറ്റുമുട്ടലിൽ സുരക്ഷാ സേന ഒരു ഭീകരനെ വധിച്ചു. ഏറ്റുമുട്ടലിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനും സൈനികനും പരിക്കേറ്റിട്ടുണ്ട്.
പ്രദേശത്ത് ഭീകരർ ഒളിഞ്ഞിരിക്കുന്നെന്ന റിപ്പോർട്ടിനെ തുടർന്ന് സൈന്യം നടത്തിയ തിരച്ചിലിനിടെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് സേന നടത്തിയ പ്രത്യാക്രമണത്തിലാണ് ഭീകരൻ കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളിലായി തുടരുന്ന ഏറ്റുമുട്ടലുകളുടെ തുടർച്ചയാണ് ഇന്നത്തെ സംഭവവും. കഴിഞ്ഞയാഴ്ച കശ്മീരിലെ സോപോറില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ ഒരു സിആര്‍പിഎഫ് ജവാൻ വീരമ്യത്യു വരിച്ചിരുന്നു. ബാരാമുള്ള ജില്ലയിലെ സോപോറില്‍ കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് ആക്രമണം ഉണ്ടായത്. കഴിഞ്ഞ ദിവസങ്ങളിൽ വെടിനിർത്തൽ ലംഘിച്ച പാക് സൈനികരെയും നുഴഞ്ഞു കയറാൻ ശ്രമിച്ച ഹിസ്ബുൾ ഭീകരനെയും സൈന്യം വകവരുത്തിയിരുന്നു.










