കാസർകോഡ്: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം സ്ഥിരീകരിച്ചു. കർണാടക ഹുബ്ലിയിൽ നിന്നും വരുന്നതിനിടെ കാസർകോട് വെച്ച് മരിച്ച മൊഗ്രാൽ പുത്തൂർ സ്വദേശി അബ്ദുൾ റഹ്മാനാണ് കൊവിഡ് സ്ഥിരീകരിച്ചത്. കര്‍ണാടക ഹുബ്ലിയിലെ വ്യാപാരിയാണ് മരിച്ച അബ്ദുൾ റഹ്മാൻ.
അബ്ദുൾ റഹ്മാന്റെ ട്രൂനാറ്റ് ഫലം പോസിറ്റീവായിരുന്നു. അതിന് പിന്നാലെ നടത്തിയ പിസിആര്‍ ടെസ്റ്റിലും കൊവിഡ് പോസിറ്റീവ് സ്ഥിരീകരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് അബ്ദുള്‍ റഹ്മാന് ആംബുലൻസ് വഴി അതിര്‍ത്തിയായ തലപ്പാടിയിലെത്തിയത്. അവിടെ നിന്നും ടാക്സിയിൽ ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. മരണം സംഭവിച്ചതോടെ ഡോക്ടര്‍മാര്‍ സ്രവം പരിശോധനയ്ക്ക് അയക്കുകയായിരുന്നു.
ഇദ്ദേഹത്തിന്റെ ബന്ധുക്കളടക്കമുള്ളവരോട് നിരീക്ഷണത്തിൽ പോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇയാളെ പരിശോധിച്ച കാസർകോട് ജനറൽ ആശുപത്രിയിലെ നാല് ജീവനക്കാർ നിരീക്ഷണത്തിൽ പോയി. ആശുപത്രിയിലെ അത്യാഹിത വിഭാഗം അണുവിമുക്തമാക്കി.
സംസ്ഥാനത്ത് കഴിഞ്ഞ ദിവസവും കൊവിഡ് മരണം സ്ഥിരീകരിച്ചിരുന്നു. വിദേശത്ത് നിന്നും വന്ന കൊല്ലം സ്വദേശിയായ യുവാവാണ് ഇന്നലെ മരിച്ചത്. മരണ സംഖ്യ ഉയരുന്നതും ഉറവിടമില്ലാത്ത രോഗബാധ വ്യാപകമാകുന്നതും ആശങ്ക വർദ്ധിപ്പിക്കുകയാണ്.
Discussion about this post