കോഴിക്കോട്: ഓഫീസിലെ എഡിറ്റ് ചെയ്യാത്ത സി.സി.വി ദൃശ്യങ്ങള്‍ പുറത്ത് വിടാന്‍ മുഖ്യമന്ത്രി തയ്യാറാണോയെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. തന്റെ ഓഫീസിലെ ഒരു വ്യക്തിയെ കാണാതായിട്ട് ദിവസങ്ങളായിട്ടും അവര്‍ക്ക് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന് അറിഞ്ഞിട്ടും മുഖ്യമന്ത്രി ഒരു പോലീസ് അന്വേഷണം പോലും പ്രഖ്യാപിക്കാത്തത് അന്വേഷണം തന്റെ സില്‍ബന്തികളിലേക്ക് എത്തുമെന്ന് അറിയാവുന്നത് കൊണ്ടാണ്. കളങ്കിത വ്യക്തിയുമായി ബന്ധമുണ്ടെന്ന് ആരോപണം ഉയര്‍ന്നതോടെയാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനെ മാറ്റിയത്. ഇതേ ആരോപണം സ്പീക്കര്‍ക്കെതിരേയും ഉയര്‍ന്നിട്ടുണ്ട്. പക്ഷെ അദ്ദേഹത്തെ മാത്രം മാറ്റാത്തത് എന്ത് കൊണ്ടാണെന്നും കെ. സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു.
തെറ്റ് ചെയതിട്ടില്ലെന്നും കളങ്കിതനല്ലെന്നും ഉറപ്പുണ്ടെങ്കില്‍ എന്തിനാണ് അന്വേഷണത്തെ മുഖ്യമന്ത്രി ഭയക്കുന്നത്. ആത്മാര്‍ഥതയുണ്ടെങ്കില്‍ സി.ബി.ഐ. അന്വേഷണത്തിന് ശുപാര്‍ശ ചെയ്യണമായിരുന്നു. പകരം പ്രധാനമന്ത്രിക്ക് കത്തയച്ചുവെന്നും പറഞ്ഞ് ജനങ്ങളുടെ കണ്ണില്‍ പൊടിയിടുകയാണ്. അന്വേഷണത്തിന് എല്ലാ സഹായവും ചെയ്ത് കൊടുക്കുമെന്നാണ് പറയുന്നത്. എന്ത് സഹായമാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്ത് കൊടുത്തത്. സി.സി.ടി.വി. ദൃശ്യങ്ങള്‍ അടക്കമുള്ളവ ചോദിച്ചിട്ട് കൊടുത്തിട്ടില്ല.കൃത്യമായ മറുപടി നല്‍കുന്നില്ല. മുഖ്യമന്ത്രിയുടെ ഓഫീസിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ അവിടെ തന്നെയുണ്ടോയെന്നും സുരേന്ദ്രന്‍ ചോദിച്ചു.
മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു മുഖ്യ പ്രതി മുങ്ങിയിട്ട് ദിവസങ്ങളായിട്ടും ഇതുവരെ കണ്ടെത്താനാവാത്തത് എന്ത് കൊണ്ടാണ്. സ്വപ്‌ന എവിടെയാണ് എന്ന് കേരള പോലീസിന് അറിയില്ല എന്നാണോ. മുഖ്യമന്ത്രിക്ക് സ്വപ്‌ന സുരേഷിനെ അറിയാം എന്നും പല സര്‍ക്കാര്‍ പരിപാടികളിലും സംഘാടനത്തില്‍ പ്രധാന പങ്ക് വഹിച്ചുവെന്നും ഞാന്‍ പറഞ്ഞതാണ്. എന്നാല്‍ ഇതൊന്നും നിഷേധിക്കാന്‍ മുഖ്യമന്ത്രി തയ്യാറായിട്ടില്ല. തന്റെ ഓഫീസിനേയും ഉള്‍പെടുത്തി സി.ബി.ഐ. അന്വേഷണം നടത്തണമെന്ന നിലപാടെടുക്കാന്‍ മുഖ്യമന്ത്രി തയ്യാറുണ്ടോ? സ്വപ്‌ന സുരേഷ് സര്‍ക്കാര്‍ പരിപാടിയിലടക്കം മുഖ്യ നടത്തിപ്പുകാരിയായി പ്രവര്‍ത്തിച്ച്, സര്‍ക്കാര്‍ മുദ്രവെച്ച ഐ.ഡി. കാര്‍ഡ് അടക്കം അടിച്ച് പ്രവര്‍ത്തിച്ചത് വെറും കരാര്‍ ജീവനക്കാരിയായത് കൊണ്ടാണോയെന്നും സുരേന്ദ്രന്‍ ചോദിച്ചു.








