വാരാണസി: ശ്രീരാമൻ ജനിച്ചത് നേപ്പാളിലാണെന്ന നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമ്മ ഒലിയുടെ പ്രസ്താവനക്കെതിരെ ഹൈന്ദവ പണ്ഡിതർ രംഗത്ത്. ഒലിക്ക് ശുദ്ധ ഭ്രാന്താണെന്ന് ഈ പ്രസ്താവനയിലൂടെ ബോദ്ധ്യമായിരിക്കുകയാണെന്ന് അയോധ്യയിലെ ഹൈന്ദവ പണ്ഡിതർ പ്രതികരിച്ചു.
ശ്രീരാമൻ ജനിച്ചത് സരയൂ നദിക്കരയിലെ അയോധ്യയിലാണ്. ആ അയോധ്യ ഭാരതത്തിലാണ്. എന്നാൽ സീതാ ദേവി ജനിച്ചത് നേപ്പാളിലാണ്. വിശ്വാസങ്ങളെയും ഐതിഹ്യങ്ങളെയും വെല്ലുവിളിക്കുന്ന നേപ്പാൾ പ്രധാനമന്ത്രിയുടെ പ്രസ്താവന അജ്ഞതയാണെന്നും താൻ അത് തള്ളിക്കളയുകയാണെന്നും രാമ ക്ഷേത്ര നിർമ്മാണ ട്രസ്റ്റ് അംഗം മഹന്ത് ദിനേന്ദ്ര ദാസ് അഭിപ്രായപ്പെട്ടു.
നേപ്പാൾ ചൈനയുടെയും പാകിസ്ഥാന്റെയും കൈകളിൽ വീണുവെന്നതിന്റെ വ്യക്തമായ തെളിവാണ് ഹൈന്ദവ വിരുദ്ധമായ കമ്മ്യൂണിസ്റ്റ് ഭരണാധികാരിയുടെ ഈ പ്രസ്താവനയെന്ന് രാം ദൾ ട്രസ്റ്റ് മേധാവി കൽക്കി രാംദാസ് മഹാരാജ് ആഞ്ഞടിച്ചു.
ഒലി ചരിത്രത്തെ വളച്ചൊടിക്കുകയും സത്യത്തെ നിഷേധിക്കുകയുമാണ്. ഒരു രാഷ്ട്ര നേതാവിന് ഭ്രാന്ത് പിടിച്ചിൽ അത് ലോകത്തെയാകെ ദോഷകരമായി ബാധിക്കും. നേപ്പാളിലെ ജനത ഇത് തിരിച്ചറിയേണ്ടതാണ്. ഒലിക്ക് അക്ഷരാർത്ഥത്തിൽ ഭ്രാന്ത് മൂത്തിരിക്കുകയാണെന്നായിരുന്നു മഹന്ത് പരമഹംസാചാര്യയുടെ പ്രതികരണം.
ശ്രീരാമൻ ഭാരതീയനല്ലെന്നും കൃത്രിമ അയോധ്യ സൃഷ്ടിച്ച് ഇന്ത്യ നേപ്പാളിന്റെ സംസ്കാരം മോഷ്ടിക്കുകയാണെന്നും കെ പി ശർമ്മ ഒലി പ്രസ്താവിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമായിരിക്കുന്ന പശ്ചാത്തലത്തിലെ ഒലിയുടെ വിവാദ പ്രസ്താവനക്കെതിരെ ആഗോള തലത്തിൽ ഹൈന്ദവരുടെ പ്രതിഷേധം കനക്കുകയാണ്.








