ലഷ്കർ-ഇ-ത്വയ്‌ബ തീവ്രസംഘടനയിലെ ഭീകരവാദികൾക്ക് സഹായങ്ങൾ ചെയ്തു കൊടുത്തയാളെ ജമ്മുകശ്മീരിൽ അറസ്റ്റ് ചെയ്തു.സുരക്ഷാ ഉദ്യോഗസ്ഥരാണ് ജമ്മു കശ്മീരിലെ അവന്തിപോറയിൽ വെച്ച് സാഹിൽ ഫാറൂഖ് മിർ എന്നയാളെ അറസ്റ്റ് ചെയ്തത്.ജമ്മുവിലുള്ള ചകൂര പുൽവാമ നിവാസിയായ ഇയാൾ ഭീകരർക്ക് താമസ സൗകര്യങ്ങൾ നൽകുകയും വേണ്ട ആയുധങ്ങൾ എത്തിച്ചു കൊടുക്കുകയും ചെയ്തിട്ടുണ്ടെന്നാണ് ജമ്മു കശ്മീർ പോലീസിന്റെ കണ്ടെത്തൽ.
ജമ്മു കശ്മീരിന്റെ ട്രാൽ,കാക്പോറ,ക്രീവ്, അവന്തിപ്പോറ എന്നിവിടങ്ങളിലേക്ക് സാഹിൽ ഫാറൂഖ് സ്ഫോടകവസ്തുക്കൾ ഉൾപ്പെടെ എത്തിച്ചു കൊടുത്തിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.ഇയാൾക്കെതിരെ അവന്തിപോറ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.കൂടുതൽ വിവരങ്ങൾക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.










