ഡൽഹി: ലോകത്ത് കൊവിഡ് 19 മരണ നിരക്ക് ഏറ്റവും കുറഞ്ഞ രാജ്യങ്ങളിൽ ഇന്ത്യ മുൻപന്തിയിലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. നിലവില്‍ 2.49 ശതമാനം മാത്രമാണ് രാജ്യത്തെ കൊവിഡ് മരണ നിരക്ക്. സുശക്തമായ ആരോഗ്യ മേഖലയും ആസൂത്രിതമായ പ്രതിരോധ നടപടികളുമാണ് ഇതിന് കാരണമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
2.82 എന്ന ശരാശരിയിൽ നിന്നും ഒരു മാസം കൊണ്ടാണ് മരണ നിരക്ക് 2.72 ശതമാനത്തിൽ എത്തിയത്. ജൂലായ് 10 ഓടെ അത് 2.49 ആകുകയായിരുന്നു. രോഗബാധിതര്‍ക്ക് മികച്ച രീതിയിലുള്ള ചികിത്സ ലഭ്യമാക്കുന്നതില്‍ കേന്ദ്രവും സംസ്ഥാന സര്‍ക്കാരുകളും യോജിച്ച് മുന്നേറുകയാണ്. ഫലപ്രദമായ കണ്ടെയ്ന്മെന്റ് സംവിധാനം, കൃത്യമായ പരിശോധനകൾ, സമഗ്രവും അന്താരാഷ്ട്ര നിലവാരത്തിലുള്ളതുമായ ചികിത്സാ സംവിധാനം എന്നിവ ഉറപ്പാക്കാൻ കഴിഞ്ഞത് മരണ നിരക്ക് കുറയ്ക്കാൻ സഹായകമായെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
രാജ്യത്തെ 29 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും മരണ നിരക്ക് ദേശീയ ശരാശരിയേക്കാള്‍ കുറവാണ്. മണിപ്പുര്‍, നാഗാലാന്‍ഡ്, സിക്കിം, മിസോറം, ആന്തമാന്‍-നിക്കോബാര്‍ ദ്വീപുകള്‍ എന്നിവിടങ്ങളില്‍ മരണനിരക്ക് പൂജ്യമാണ്. കേരളം, ത്രിപുര, അസം എന്നിവയടക്കം 14 സംസ്ഥാനങ്ങളില്‍ മരണനിരക്ക് ഒരു ശതമാനത്തില്‍ താഴെയാണെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.
ആരോഗ്യ സേതു ആപ്പും മറ്റ് സാങ്കേതിക ജാഗ്രതാ സംവിധാനങ്ങളും കാര്യക്ഷമമായി പ്രവർത്തിച്ചു. മഹാമാരിയെ പ്രതിരോധിക്കുന്നതിൽ രാജ്യം കൈവരിച്ച ഈ നേട്ടം കാത്ത് സൂക്ഷിക്കേണ്ടതുണ്ടെന്നും ജാഗരൂകമായ പ്രതിരോധ നടപടികൾ തുടർന്നാൽ കൊവിഡിനെ ചെറുത്ത് തോല്പിക്കാൻ നമുക്ക് നിഷ്പ്രയാസം സാധിക്കുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.










