കൊച്ചി: സ്വർണ്ണക്കടത്തിനെ വർഗീയവത്ക്കരിച്ച് മന്ത്രി കെ.ടി ജലീൽ രക്ഷപ്പെടാൻ ശ്രമിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. സക്കാത്തുമായി ബന്ധപ്പെടുത്തുന്നത് പോലും ഇതിനു വേണ്ടിയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സഹായം ഈ കള്ളക്കടത്ത് സംഘത്തിന് ലഭിച്ചിട്ടുണ്ടെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
അറ്റാഷെയുടെ ഗൺമാനെ നിയമിച്ചത് സംസ്ഥാന സർക്കാരിൻ്റെ സ്ഥാപിത താത്പര്യം സംരക്ഷിക്കാനാണ്. സ്വർണ്ണക്കടത്തിനായി എല്ലാ സഹായവും ഗൂഢസംഘത്തിന് ലഭിച്ചത് ഗൺമാൻ മുഖാന്തരമാണ്. സർക്കാരിൻ്റെ ഉന്നതൻമാർക്ക് വേണ്ടിയാണ് ഗൺമാൻ പ്രതികളെ സഹായിച്ചതെന്നും സുരേന്ദ്രൻ ആരോപിച്ചു.
കോൺസുലേറ്റിന് സുരക്ഷ നൽകാനാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടതെന്നിരിക്കെ അറ്റാഷെയ്ക്ക് ഗൺമാനെ നിയമിച്ചത് അസ്വഭാവികമാണ്. രാജ്യത്തെ പല വിദേശ അംബാസിഡർമാർക്ക് പോലും സ്വകാര്യസുരക്ഷയില്ലെന്നിരിക്കെ നേരത്തെ എമിഗ്രേഷൻ വിഭാഗത്തിൽ പ്രവർത്തിച്ചയാളെ അറ്റാഷെയോടൊപ്പം വിട്ടത് ഉന്നതരുടെ താത്പര്യമാണ്. എയർ ഇന്ത്യാ സാറ്റ്സിൽ ജോലി ചെയ്യുമ്പോൾ തന്നെ സ്വപ്നയുമായ് ഇയാൾക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. സംസ്ഥാന സർക്കാർ നിയന്ത്രിക്കുന്ന തിരുവനന്തപുരം വിമാനത്താവളത്തിലെ കാർഗോയിലുള്ള സ്വാധീനവും കസ്റ്റംസ്, എമിഗ്രേഷൻ ഓഫീസർമാരുമായുള്ള പരിചയവുമാണ് ഗൺമാൻ നിയമനത്തിലുള്ള മാനദണ്ഡമെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
സ്വർണ്ണക്കടത്തിന് മുഖ്യമന്ത്രിയുടെ ഐ.ടി വകുപ്പിനെ പോലെ ആഭ്യന്തരവകുപ്പും സഹായിച്ചു. പ്രതികൾ ഒളിവിൽ കഴിഞ്ഞതെവിടെയാണെന്ന് പുറത്തുവരുന്നതോടെ കാര്യങ്ങൾ വ്യക്തമാവും. ഇവരെ രക്ഷപ്പെടാൻ സഹായിച്ചവരെ പിടിച്ചാൽ സർക്കാരിൻ്റെ പങ്ക് കൂടുതൽ തെളിഞ്ഞുവരും. മുഖ്യമന്ത്രിയുടെ ഓഫീസും അദ്ദേഹം കൈകാര്യം ചെയ്ത രണ്ട് വകുപ്പുകളും രാജ്യദ്രോഹകേസിലെ പ്രതികളെ സഹായിച്ച സ്ഥിതിതിയ്ക്ക് പിണറായി വിജയൻ എത്രയും പെട്ടെന്ന് രാജിവെക്കണം. രാജിവെച്ചില്ലെങ്കിൽ പുറത്താക്കാൻ സി.പി.എമ്മിൻ്റെ അഖിലേന്ത്യാ നേതൃത്വം തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കെ.ടി ജലീലിന്റെ ശ്രമം വർഗീയ കാർഡ് ഉപയോഗിച്ച് വിഷയം ട്വിസ്റ്റ് ചെയ്യാനാണ് .ഭരണഘടനാ ലംഘനവും നിയമലംഘനവും നടത്തിയ അദ്ദേഹത്തിന് മന്ത്രി സ്ഥാനത്ത് തുടരാൻ അവകാശമില്ല. എല്ലാകാലത്തും വർഗീയതയും തീവ്രവികാരവും പരീക്ഷിച്ച് വിജയിപ്പിച്ചയാളാണ് ജലീൽ. എല്ലാം അറ്റാഷെയുടെ തലയിലിട്ട് രക്ഷപ്പെടാൻ ശ്രമിക്കണ്ടെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
Discussion about this post