1999ലെ ഹോളി.
ഭാംഗിന്റേയും നിറങ്ങളുടേയും ലഹരിയിൽ ഉത്തരദേശം തിമിർപ്പിലാകുന്ന സമയം. ഹിമാചൽ പ്രദേശിലെ പലംപൂർ എന്ന മനോഹരമായ പട്ടണത്തിലെ താഴ്വാരത്തിൽ ന്യൂഗൽ കഫേ എന്നൊരു ചെറിയ കാപ്പിക്കടയുണ്ട്. ഹോളിയ്ക്ക് കുറച്ചു ദിവസങ്ങൾ അവധിക്ക് വന്നതാണ് വിക്രം. എപ്പോൾ അവധിക്കെത്തിയാലും അവനാ കാപ്പിക്കടയിൽ വരാറുണ്ട്. ഹോളിയുടെ തിരക്കുകൾക്കിടയിലും അക്കൊല്ലം അവിടെയെത്തിയിരുന്നു.
അന്ന് പക്ഷേ ഒരാളും കൂടെ കൂട്ടിനുണ്ടായിരുന്നു. തന്റെ ചെറുപ്പകാലം മുതൽ ഏറ്റവുമടുത്ത കൂട്ടുകാരി. ബാല്യകാലസഖി. ആരോരുമറിയാതെ തന്റെ ഉള്ളിന്റെയുള്ളിൽ അവളോടുള്ള പ്രണയം വിക്രം എന്നെന്നും രഹസ്യമായിക്കാത്തിരുന്നു. ഡിമ്പിൾ ചീമ എന്നായിരുന്നു അവളുടെ പേർ. ജോലിയുടെ ബുദ്ധിമുട്ടുകളെപ്പറ്റിയും അപകടസാദ്ധ്യതകളെപ്പറ്റിയും വിക്രം പറഞ്ഞപ്പോൾ അന്നോളം തന്റെ മനസ്സിലും ഒളിച്ചു വച്ചിരുന്ന സ്നേഹം മുഴുവനും ഡിമ്പിൾ വാക്കുകളിലൊതുക്കി.
“വിക്രം..നീ സൂക്ഷിക്കണം.”
ഒരു പുഞ്ചിരിയിൽ തന്റെ പ്രീയപ്പെട്ടവളുടെ മനസ്സിലെ പിടച്ചിലിന് അവൻ മറുപടി പറഞ്ഞു. “ഡിമ്പിൾ, രണ്ടായാലും ഞാൻ ത്രിവർണ്ണപതാകയുമായിത്തന്നെ വരും. ജയിച്ചാൽ ഞാൻ വിജയത്തിന്റെ ത്രിവർണ്ണ പതാക പാറിക്കും. അല്ലെങ്കിൽ എന്നെ ത്രിവർണ്ണപതാകയിൽ പൊതിഞ്ഞ് ഇവിടെയെത്തിക്കും. രണ്ടായാലും ഞാൻ തിരികെ വരും!
വെറും വിക്രമല്ല. .ക്യാപ്റ്റൻ വിക്രം ബത്ര. പരംവീർ ചക്ര ക്യാപ്റ്റൻ വിക്രം ബത്ര. 13 ജമ്മു കാശ്മീർ റൈഫിൾസിലെ ധീരനായ പോരാളി.
പോയിന്റ് 5410. കാർഗിൽ സെക്ടറിലെ ദ്രാസ് മേഖലയിൽ സമുദ്രനിരപ്പിൽ നിന്ന് 16,962 മീറ്റർ മുകളിലുള്ള ഈ പോയിന്റ് പിടിച്ചെടുക്കാൻ നിയോഗിക്കുന്നത് ഇപ്പോൽ ലഫ്റ്റനന്റ് ജനറലായ അന്ന് ലഫ്റ്റനന്റ് കേണൽ ആയിരുന്ന യോഗേഷ് കുമാർ ജോഷിയെയാണ്. അദ്ദേഹമതിന് കൂടേക്കൂട്ടിയത് 13 ജമ്മു കാശ്മീർ റൈഫിൾസിനേയും, നാഗാ റജിമെന്റിനേയും, 18 ഗർഹ്‌വാൾ റൈഫിൾസിനേയുമാണ്. രണ്ട് ധീരന്മാരെ, ലഫ്റ്റനന്റ് സഞ്ജീവ് സിംഗ് ജാംവാൾ, ലഫ്റ്റനന്റ് വിക്രം ബത്ര എന്നിവരെ അദ്ദേഹം ഈ ജോലിയേൽപ്പിച്ചു. “ഓ യാ യാ യാ” എന്നായിരുന്നു ലഫ്റ്റനന്റ് സഞ്ജിവ് സിംഗ് ജാംവാൾ വിജയമുദ്രാവാക്യമായി തിരഞ്ഞെടുത്തത്. ലഫ്റ്റനന്റ് വിക്രം ബത്ര തിരഞ്ഞെടുത്തത് അന്ന് പ്രശസ്തമായ ഒരു ടിവി പരസ്യവാചകമായിരുന്നു “യെ ദിൽ മാംഗേ മോർ”.
കിഴക്കാം തൂക്കായ കൊടുമുടിയിലൂടെ മുകളിലേക്ക് വലിഞ്ഞു കയറുമ്പോൾ മുകളിൽ നിന്ന് വെടിയുതിർത്തു കൊണ്ടിരുന്ന പാകിസ്ഥാനികളെ മുകളിലെത്തി നേർക്ക് നേർ നേരിട്ടാണ് വിക്രം ബത്രയും സഞ്ജീവ് സിംഗ് ജാംവാളും ആ പോയിന്റ് പിടിച്ചെടുത്തത്. നുഴഞ്ഞു കയറ്റക്കാരെ മുഴുവൻ കൊന്നൊടുക്കിയെങ്കിലും ഒരൊറ്റ ഇന്ത്യൻ സൈനികന് ആ ഓപ്പറേഷനിൽ ജീവൻ വെടിയേണ്ടി വന്നില്ല. അവിടെ നിന്ന് ഓരോ ദിവസവും ഓരോ പോയിന്റുകളായി നാം പിടിച്ചെടുത്തു. “യേ ദിൽ മാംഗേ മോർ” പലതവണ കമ്യൂണിക്കേഷൻ ചാനലുകളിലൂടെ കുതിച്ചുപാഞ്ഞു.
കേണൽ എം ബി രവീന്ദ്രനാഥിനു കീഴിലായിരുന്നു ക്യാപ്റ്റൻ വിജയന്ത് ഥാപ്പറിന്റെ ബറ്റാലിയൻ. തൊലോലിങ്, നോൽ, ത്രീ പിമ്പിൾസ് എന്നീ സൈനിക പോസ്റ്റുകൾ പിടിച്ചെടുക്കാനാണ് അദ്ദേഹത്തിന്റെ ബറ്റാലിയൻ പുറപ്പെട്ടത്. തൊലോലിംഗ് ആദ്യം തന്നെ പിടിച്ചെടുത്തു. അടുത്തത് നോലും ത്രീ പിമ്പിൾസുമാണ് പിടിച്ചെടുക്കേണ്ടത്. 28 ജൂൺ1999. നോൾ, ലോൺ ഹിൽ പ്രദേശങ്ങൾ ലക്ഷ്യമാക്കി ക്യാപ്റ്റൻ വിജയാന്ത് ഥാപ്പറും സൈനികരും നീങ്ങി. തനിയ്ക്ക് ചുറ്റുമുള്ള പ്രീയപ്പെട്ട സഹോദരങ്ങൾ ഓരോരുത്തരായി വെടികൊണ്ട് വീഴുന്നത് ക്യാപ്റ്റൻ നേരിട്ടു കാണുന്നുണ്ടായിരുന്നു. തന്റെ കമാൻഡിങ്ങ് ഓഫീസറായിരുന്ന മേജർ ആചാര്യയും വെടികൊണ്ട് വീഴുന്നത് ക്യാപ്റ്റൻ കണ്ടു. അലറിയടുത്തുകൊണ്ട് അദ്ദേഹം മുന്നോട്ട് പാഞ്ഞു
സൈനികരെ നയിക്കാനുള്ളത് ക്യാപ്റ്റൻ വിജയന്ത് ഥാപ്പറും നായിക് തിലക് സിംഗും മാത്രം. പാക് അധിനിവേശ പോസ്റ്റുകൾക്ക് നേരേ തുരുതുരാ വെടിയുതിർത്ത് ക്യാപ്റ്റൻ വിജയും നായിക് തിലകും മുന്നോട്ട് നീങ്ങുകയാണ്. പക്ഷേ ആർട്ടിലറി തോക്കുകളെ നിർവീര്യമാക്കാതെ ഒരിഞ്ച് മുന്നോട്ട് നീങ്ങാനാവില്ല എന്നവർക്ക് മനസ്സിലായി. രണ്ടോ മൂന്നോ പേർക്ക് മാത്രം നടക്കാൻ കഴിയുന്ന കൂർത്ത പാറകളാണവിടെ. ആരാണ് ആദ്യം മുന്നോട്ട് പോവുക. ക്യാപ്റ്റനു സംശയമൊന്നുമില്ലായിരുന്നു. താൻ തന്നെ ആദ്യം. പാക് സൈനിക പോസ്റ്റിനു നേരേ, തുരുതുരാ പാഞ്ഞുവരുന്ന വെടിയുണ്ടകൾക്ക് നേരേ ആദ്യം അദ്ദേഹവും നായിക് തിലക് സിംഗും തന്നെ പാഞ്ഞടുത്തു. വെറും പതിനഞ്ച് മീറ്റർ അകലെ ശത്രുവിനു നേരേ മുഖാമുഖം നിന്ന് വെടിയുതിർത്തു അവർ. വെടിയുണ്ടകൾ ദേഹം അരിപ്പയാക്കുമ്പോഴും ഭാരതമാതാവിനു ജയമോതാൻ അദ്ദേഹം മറന്നില്ല. രക്തബന്ധത്തേക്കാൾ വലിയ സഹോദരനായ നായിക് തിലക് സിംഗിന്റെ കൈകളിൽ കിടന്ന് അദ്ദേഹം വീരസ്വർഗ്ഗമണഞ്ഞു. നായിക് തിലക് സിംഗും കൂട്ടരും ഒരു നിമിഷം കളയാതെ ജീവൻ മറന്ന് ശത്രുനിരയിലേക്ക് പാഞ്ഞടുത്തു. ശക്തമായ ആക്രമണത്തിൽ അഭിമന്യുവിനെപ്പോലെ ക്യാപ്റ്റൻ വിജയാന്ത് ഥാപ്പർ വീണെങ്കിലും സകല പാകിസ്ഥാനികളേയും ഉന്മൂലനം ചെയ്ത് ആ പോസ്റ്റുകൾ നാം പിടിച്ചെടുത്തു.
ക്യാപ്റ്റൻ സൗരഭ് കാലിയ. ഇരുപത്തിരണ്ട് ദിവസം പാകിസ്ഥാനി നരാധമരുടെ പിടിയിലായിരുന്നു അദ്ദേഹം. ജീവനറ്റ ശരീരം തിരികെക്കിട്ടുമ്പോൽ കർണ്ണ പുടങ്ങൾ ഇരുമ്പ് കമ്പി പഴുപ്പിച്ച് കുത്തിപ്പൊട്ടിച്ചിരുന്നു. കണ്ണുകൾ ചൂഴ്ന്നെടുത്തിരുന്നു. പല്ലുകളും എല്ലുകളുമെല്ലാം ഒടിഞ്ഞു നുറുങ്ങിയിരുന്നു. ജനനേന്ദ്രിയങ്ങൾ മുറിച്ചു മാറ്റപ്പെട്ടിരുന്നു. ഒരക്ഷരം അദ്ദേഹം വിട്ടുപറഞ്ഞിരുന്നെങ്കിൽ കാർഗിൽ യുദ്ധത്തിന്റെ ഗതി വേറൊന്നായേനേ. അദ്ദേഹത്തിന് ഇത്രയും ക്രൂരത അനുഭവിക്കേണ്ടിയും വരില്ലായിരുന്നു.
ഗ്രനേഡിയർ യോഗേന്ദ്ര സിംഗ് യാദവ്. പത്തൊമ്പതാം വയസ്സിൽ പരം വീർ ചക്രം നേടിയ ധീരൻ. ദേഹം മുഴുവൻ വെടിയുണ്ടകളാൽ മുറിവേറ്റിട്ടും ടൈഗർ ഹിൽ പിടിച്ചെടുക്കാൻ മുന്നിൽ നിന്ന ധീര സൈനികൻ. ചെങ്കുത്തായ കയറ്റം വെടിയുണ്ടകകൾക്കിടയിലൂടെ കയറിൽ പിടിച്ചു കയറി വരുതിയിലാക്കിയ ധൈര്യം.. ഘാതക് കമാൻഡോ ആയിരുന്നു യോഗേന്ദ്ര യാദവ്. വെറും കൈയ്യാൽ എതിരാളികളെ കാലപുരിക്കയയ്ക്കാൻ പോന്ന എലീറ്റ് കമാൻഡോ. പതിനഞ്ചോളം വെടിയുണ്ടകൾ തറച്ചിരുന്ന ദേഹവുമായാണ് പാകിസ്ഥാനികളെ മുഴുവൻ കാലപുരിയ്ക്കയച്ച് സൈനിക പോസ്റ്റ് അദ്ദേഹം പിടിച്ചെടുത്തത്.
ത്രിവർണ്ണ പതാക പാറിച്ചിട്ടല്ലെങ്കിൽ ത്രിവർണ്ണ പതാകയിൽ പൊതിഞ്ഞെത്തുമെന്ന് ആ ഹോളി ദിവസം കാമുകിയ്ക്ക് വാക്കു നൽകിയ പരംവീർ ചക്ര ക്യാപ്റ്റൻ വിക്രം ബത്ര പലതവണ ആ മലമുകളിൽ വിജയ പതാക പാറിച്ചു. എങ്കിലും യുദ്ധം തുടരുകയായിരുന്നു. പോയിന്റ് 4875 പിടിച്ചെടുക്കാനുള്ള മുന്നേറ്റം. ബുള്ളറ്റുകൾ തലങ്ങും വിലങ്ങും പായുമ്പോൾ മുന്നിൽ നിന്ന് നയിച്ചിരുന്ന സുബേദാർ രഘുനാഥ് സിംഗിനെ പിറകിലേക്ക് വിക്രം തള്ളി മാറ്റി. സീനിയർ റാങ്ക് ക്യാപ്റ്റൻ വിക്രം ബത്രയ്ക്കാണ്. അദ്ദേഹത്തിന് മുന്നിൽ നിന്ന് നയിക്കേണ്ട ഒരു കാര്യവുമില്ല. ക്യാപ്റ്റനെ മുന്നിൽ നിർത്താൻ വിസമ്മതിച്ച സുബേദാറിനോട് വിക്രം പറഞ്ഞു. “അങ്ങേക്ക് തിരികെപ്പോകാൻ മക്കളും കുടുംബവുമുണ്ട്. ഞാൻ വിവാഹിതനല്ല. ഞാൻ തലയ്ക്കൽ നിൽക്കാം. അങ്ങ് കാലിൽ നിന്നാൽ മതി”. മുന്നോട്ട് കുതിച്ച ക്യാപ്റ്റൻ ആദ്യം നെഞ്ചിലേറ്റിയത് ഒരു പാക് സ്നൈപ്പറുടെ വെടുയുണ്ടയാണ്. അടുത്തത് തലയിൽ തുളഞ്ഞു കയറി. ഭാരതമാതാവിന്റെ ആ വീരപുത്രൻ ഈ ഭൂമിയിൽ ബലിദാനിയാകുമ്പോൾ പ്രായം 24. തന്റെ പ്രണയം തുറന്നുപറഞ്ഞിരുന്നു അവനന്ന്. അവൻ തിരികെ വരുമ്പോൾ ഒന്നു ചേരാമെന്ന വഴിക്കണ്ണുകളുമായി ഡിമ്പിൾ ചീമ ഹിമാചൽ പ്രദേശിലെ പലംപൂരിൽ കാത്തിരിക്കുകയായിരുന്നു. പക്ഷേ അവന്റെ ആദ്യ പ്രണയം ഈ മണ്ണിനോടും ഇതിന്റെ സുരക്ഷയോടുമായിരുന്നു. വാക്കുകൊടുത്തതു പോലെ തന്നെ ത്രിവർണ്ണ പതാകയിൽ പൊതിഞ്ഞ് അവന്റെ മാതാപിതാക്കളുടേയും ഇരട്ടസഹോദരന്റേയും ഡിമ്പിൾ ചീമയുടേയും മുന്നിലേക്ക് അവൻ തിരികെച്ചെന്നു.
തന്റെ വീട്ടിലേക്ക് ക്യാപ്റ്റൻ വിജയന്ത് അയച്ച അവസാനത്തെ കത്തിൽ അദ്ദേഹം കുറിച്ചിരുന്നു…If you can, please come and see where the Indian Army fought for your tomorrow,’ “കഴിയുമെങ്കിൽ നിങ്ങളുടെ നാളേയ്ക്കായി ഇന്ത്യൻ സൈന്യം പോരാടുന്ന ഈ സ്ഥലം ഒന്ന് ദയവായി ഒന്ന് വന്നു കാണണം”.
മകൻ അവസാനമായി അയച്ച ആ കത്തിൽ ആവശ്യപ്പെട്ടത് ഈ ഇരുപത്തിയൊന്നാം വർഷത്തിലും, എഴുപത്തിയൊമ്പതാം വയസ്സിലും റിട്ടയേഡ് കേണലായ അച്ഛൻ പാലിക്കുന്നു. എഴുപത്തിയെട്ട് വയസ്സുള്ള കേണൽ വീരേന്ദർ ഥാപ്പർ മകന്റെ സ്മരണദിനത്തിൽ എല്ലാക്കൊല്ലവും ആ മല കയറും. തന്റെ മകൻ ക്യാപ്റ്റൻ വിജയന്ത് താപ്പറും സഹോദരങ്ങളും പിടിച്ചെടുത്ത, മകൻ അന്ത്യശ്വാസമെടുത്ത അവന്റെ ചോരയാൽ ഭാരതഭൂമിയോട് വിളക്കിച്ചേർത്ത ആ മലമുകളിൽ അദ്ദേഹം അൽപ്പ നേരമിരിക്കും. അവന്റെ പ്രാണൻ വെടിഞ്ഞയിടത്തൊരു തിരി കൊളുത്തും. എന്നിട്ട് മന്ത്രിക്കും
“ഭാരതമാതാവ് വിജയിക്കട്ടെ!”
Discussion about this post