ദക്ഷിണ ചൈന കടലിന്റെ പ്രവേശന കവാടമായ ലെയ്സൊ പെനിൻസുലയിൽ സൈനിക അഭ്യാസം നടത്താനൊരുങ്ങി ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി.അതിശക്തമായ ആയുധങ്ങളുടെ പരീക്ഷണങ്ങൾ ആയിരിക്കും ചൈനയിവിടെ നടത്തുക.വിമാനങ്ങൾക്ക് നേരെയും കപ്പലുകൾക്ക് നേരെയും മിസൈലുകൾ തൊടുത്തു കൊണ്ടുള്ള ലൈവ് ഫയർ ഡ്രില്ലുകളായിരിക്കും നടക്കാൻ പോകുന്ന ആയുധ അഭ്യാസത്തിന്റെ മുഖ്യ ആകർഷണം. ഒരാഴ്ച നീണ്ടു നിൽക്കുന്ന അഭ്യാസത്തിൽ കപ്പൽവേധ വിമാനവേധ മിസൈലുകളും ചൈന പരീക്ഷിക്കും.ഈ മാസം ആദ്യം, ദക്ഷിണ ചൈന കടലിൽ അമേരിക്ക രണ്ടു വിമാന വാഹിനി കപ്പലുകൾ വിന്യസിച്ചിരുന്നു.
അതിനുള്ള മറുപടി കൂടിയാണ് പീപ്പിൾ ലിബറേഷൻ ആർമിയുടെ ഈ നടക്കാൻ പോകുന്ന സൈനിക അഭ്യാസം.ദക്ഷിണ ചൈന കടൽ മുഴുവനായും ചൈനയുടേതാണെന്നാണ് ചൈന അവകാശപ്പെടുന്നത്.എന്നാൽ, ഇതിനെതിരെ വിയറ്റ്നാം, ഫിലിപ്പൈൻസ്, മലേഷ്യ, തായ്‌വാൻ എന്നീ രാജ്യങ്ങളെ കൂടാതെ ഈയടുത്ത് അമേരിക്കയും രംഗത്ത് വന്നിരുന്നു. ഈയൊരു സന്ദർഭത്തിൽ തങ്ങളുടെ അധികാരം ഊട്ടിയുറപ്പിക്കുന്നതിന്റെ അടയാളമായാണ് ചൈനയുടെ ഈ സൈനികാഭ്യാസം.









