തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം സ്ഥിരീകരിച്ചു. ആലപ്പുഴ പട്ടണക്കാട് ചികിത്സയിലിരിക്കെ മരിച്ച വൃദ്ധനാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. പട്ടണക്കാട് മൂന്നാം വാർഡ് ചാലുങ്കൽ ചക്രപാണിയുടെ മരണശേഷം നടത്തിയ സ്രവ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. 79 വയസ്സുകാരനായ ഇദ്ദേഹം ശനിയാഴ്ചയായിരുന്നു മരിച്ചത്.
ആലപ്പുഴയിൽ ഒരു ദിവസത്തിനിടെ നാലാമത്തെ കൊവിഡ് മരണം സ്ഥിരീകരിച്ചത് ജില്ലയിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നുണ്ട്. ആലപ്പുഴയിൽ കുത്തിയത്തോട് സ്വദേശി പുഷ്കരി, കോടംതുരുത്ത് ശാരദ, കൊല്ലക്കടവ് സ്വദേശി സൈനുദ്ദീൻ എന്നിവരുടെ മരണങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ സ്ഥിരീകരിച്ചിരുന്നു.
അതേസമയം കൊവിഡ് വ്യാപനം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിക്കുമെന്ന് വിവരങ്ങൾ ഉണ്ടായിരുന്നു. എന്നാൽ സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നില്ലെന്നും നിയന്ത്രണങ്ങൾ കർശനമാക്കുമെന്നും ഇന്ന് ചേർന്ന് മന്ത്രിസഭാ യോഗം തീരുമാനിക്കുകയായിരുന്നു.
Discussion about this post