തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് മുതൽ സ്വകാര്യ ബസുകൾ ഓടില്ല.ഏതാണ്ട് പതിനായിരത്തോളം ബസ്സുകളാണ് അനിശ്ചിതകാലത്തേക്ക് നിരത്തിൽ നിന്നും ഒഴിയുന്നതായി വെളിപ്പെടുത്തി സർക്കാരിന് ജി.ഫോം സമർപ്പിച്ചത്.ഇന്നുമുതൽ ദീർഘദൂര സർവീസുകൾ ആരംഭിക്കാനുള്ള തീരുമാനം സർക്കാർ പിൻവലിച്ചു.
കണ്ടെയ്‌ൻമെൻറ് സോണുകൾ വർധിച്ച സാഹചര്യത്തിൽ ആരോഗ്യ വകുപ്പിനെ എതിർപ്പിനെ തുടർന്നാണ് സംസ്ഥാന സർക്കാർ തീരുമാനം മാറ്റിയത്.കോവിഡിനെ തുടർന്ന് യാത്രക്കാർ വൻതോതിൽ കുറഞ്ഞതോടെ ബസ് ഉടമകളുടെ വരുമാനത്തെ ബാധിച്ചിട്ടുണ്ട്.വൻ നഷ്ടമാണ് ഇതുമൂലം ബസ് ഉടമസ്ഥർക്കുണ്ടാവുന്നത്.കോവിഡ് തീരുന്നതു വരെ ഇന്ധനത്തിന് സബ്സിഡി അനുവദിക്കുക, തൊഴിലാളികളുടെ ക്ഷേമ നിധി സർക്കാർ അടയ്ക്കുക, ഈ വർഷം അവസാനം വരെയുള്ള റോഡ് നികുതി ഒഴിവാക്കുക എന്നീ ആവശ്യങ്ങളാണ് ബസ് സർവീസ് തുടരാനായി ബസ്സുടമകൾ മുന്നോട്ടു വച്ചിരുന്നത്. എന്നാൽ ഡിസംബർ വരെയുള്ള റോഡ് നികുതി ഒഴിവാക്കാനുള്ള ആവശ്യം സർക്കാർ തള്ളിക്കളയുകയായിരുന്നു.പണമടയ്ക്കാനുള്ള സമയം നീട്ടി നൽകുകയല്ലാതെ മറ്റു വഴിയില്ല എന്നാണ് ഗതാഗത വകുപ്പ് പ്രതികരിച്ചത്.ഇതേ തുടർന്നാണ് സ്വകാര്യബസുകളുടെ പിന്മാറ്റം.
Discussion about this post