മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ അപ്രതീക്ഷിത വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബാരമതിയിലുണ്ടായ അപകടം അത്യന്തം വേദനാജനകമാണെന്നും പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും അദ്ദേഹം എക്സിലൂടെ കുറിച്ചു. പ്രധാനമന്ത്രി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസുമായി സംസാരിക്കുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു.
കഴിഞ്ഞ ഡിസംബറിൽ ഫഡ്‌നാവിസ് മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റ അദ്ദേഹം, ബാരമതിയിൽ നിന്നുള്ള എംഎൽഎ കൂടിയാണ്. ജനുവരി 28-ന് ബാരമതിയിൽ നടക്കാനിരുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പ്രചാരണ റാലികളിൽ പങ്കെടുക്കാനാണ് അദ്ദേഹം യാത്ര തിരിച്ചത്. അജിത് പവാറിന്റെ മരണവാർത്ത പുറത്തുവന്നതോടെ മഹാരാഷ്ട്രാ രാഷ്ട്രീയത്തിൽ വലിയ ആഘാതമാണുണ്ടായിരിക്കുന്നത്. അദ്ദേഹത്തിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മാറ്റിയിരിക്കുകയാണ്. വിമാനാപകടത്തെക്കുറിച്ച് ഡിജിസിഎ (DGCA) അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ന് രാവിലെ പുണെയിലെ ബാരമതി വിമാനത്താവളത്തിന് സമീപമാണ് അദ്ദേഹം സഞ്ചരിച്ചിരുന്ന സ്വകാര്യ വിമാനം തകർന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന അജിത് പവാർ ഉൾപ്പെടെ അഞ്ച് പേരും അപകടത്തിൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. അജിത് പവാറിനെ കൂടാതെ അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥൻ, സഹായി, രണ്ട് പൈലറ്റുമാർ എന്നിവരാണ് വിമാനത്തിലുണ്ടായിരുന്നത്.
മുംബൈയിൽ നിന്ന് സ്വന്തം തട്ടകമായ ബാരമതിയിലേക്ക് വരികയായിരുന്നു അദ്ദേഹം. ലിയർജെറ്റ് 45 (Learjet 45) വിമാനമാണ് അപകടത്തിൽപ്പെട്ടത്. രാവിലെ 8:45-ഓടെ ബാരമതി വിമാനത്താവളത്തിൽ ഇറങ്ങാനുള്ള ശ്രമത്തിനിടെ വിമാനം റൺവേയ്ക്ക് സമീപം തകർന്നുവീണ് കത്തിയമരുകയായിരുന്നു. ലാൻഡിംഗിനിടെ വിമാനം നിയന്ത്രണം വിട്ട് തകരുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. വിമാനം നിലത്തുപതിച്ച ഉടൻ തന്നെ വലിയ സ്ഫോടനത്തോടെ തീപിടിച്ചതായും ആർക്കും രക്ഷപ്പെടാനായില്ലെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു









Discussion about this post