ഇന്ത്യയിൽ നടക്കാനിരിക്കുന്ന 2026-ലെ ടി20 ലോകകപ്പിൽ നിന്ന് ബംഗ്ലാദേശിന് പിന്നാലെ തങ്ങളും പിന്മാറുമെന്ന പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (PCB) ചെയർമാൻ മൊഹ്സിൻ നഖ്‌വിയുടെ ഭീഷണിക്ക് കടുത്ത മറുപടിയുമായി മുൻ ഇന്ത്യൻ നായകൻ കൃഷ്ണമാചാരി ശ്രീകാന്ത്. ഇന്ത്യയുടെ കരുത്തിന് മുന്നിൽ തോറ്റ് തുന്നംപാടാൻ താല്പര്യമില്ലെങ്കിൽ പാകിസ്താൻ വരാതിരിക്കുന്നതാണ് നല്ലതെന്ന് അദ്ദേഹം പരിഹസിച്ചു. ന്യൂസിലൻഡിനെതിരെയുള്ള പരമ്പരയിൽ ഭാരതത്തിന്റെ വെടിക്കെട്ട് ബാറ്റിംഗ് ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു ശ്രീകാന്തിന്റെ പ്രതികരണം.
“അടുത്തിടെ നടന്ന മത്സരത്തിൽ 15 ഓവറിൽ 209 റൺസാണ് ഇന്ത്യ അടിച്ചെടുത്തത്. മറ്റൊരു കളിയിൽ 10 ഓവറിൽ 150 റൺസും. ഇത് കണ്ടാൽ തന്നെ എതിരാളികൾ പേടിക്കും. ഹേയ് പാകിസ്ഥാൻ, നിങ്ങൾ വരരുത്. നിങ്ങളുടെ മൊഹ്സിൻ നഖ്‌വി പിന്മാറ്റത്തെക്കുറിച്ച് പറയുന്നുണ്ടല്ലോ, അത് തന്നെ ചെയ്യൂ. വന്നാൽ അടി കിട്ടി നിലംപരിശാകും. കൊളംബോയിൽ അടിക്കുന്ന സിക്സർ മദ്രാസിൽ വന്നു വീഴും. ഇന്ത്യയുടെ ഈ ഫോം കണ്ടാൽ ലോകകപ്പ് ഭാരതത്തിന് കൊടുത്തേക്കൂ എന്ന് പല ടീമുകളും പറഞ്ഞേക്കാം” – ശ്രീകാന്ത് തന്റെ യൂട്യൂബ് ചാനലിലൂടെ തുറന്നടിച്ചു.
ബംഗ്ലാദേശിനെ ടൂർണമെന്റിൽ നിന്ന് പുറത്താക്കിയ ഐസിസി നടപടിക്കെതിരെ പ്രതിഷേധിച്ചാണ് പാകിസ്താൻ പിന്മാറ്റ ഭീഷണി ഉയർത്തുന്നത്. എന്നാൽ, പാകിസ്താൻ തങ്ങളുടെ 15 അംഗ സ്ക്വാഡിനെ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. സൽമാൻ അലി ആഗ നയിക്കുന്ന ടീമിൽ ബാബർ അസം ഉൾപ്പെട്ടിട്ടുണ്ടെങ്കിലും ഹാരിസ് റൗഫിനെ ഒഴിവാക്കി. അതേസമയം, ലോകകപ്പിൽ പങ്കെടുക്കുന്ന കാര്യത്തിൽ പാക് സർക്കാർ ഇതുവരെ പച്ചക്കൊടി കാട്ടിയിട്ടില്ല. വരുംദിവസങ്ങളിൽ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായി ചർച്ച നടത്തിയ ശേഷം അന്തിമ തീരുമാനമെടുക്കുമെന്നാണ് നഖ്‌വി അറിയിച്ചിരിക്കുന്നത്.
ലോകകപ്പ് ബഹിഷ്കരിച്ചാൽ പാകിസ്താന് മേൽ കനത്ത പിഴയും രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിലക്കും ഏർപ്പെടുത്താൻ ഐസിസി തയ്യാറെടുക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ഇന്ത്യയും പാകിസ്താനും ഒരേ ഗ്രൂപ്പിലാണ് ഉൾപ്പെട്ടിരിക്കുന്നത്. ഫെബ്രുവരി 15-ന് കൊളംബോയിലാണ് ചിരവൈരികളുടെ പോരാട്ടം നടക്കേണ്ടത്. എന്നാൽ മൈതാനത്തെ പരാജയത്തേക്കാൾ വലിയ സാമ്പത്തിക തകർച്ചയായിരിക്കും പാകിസ്താനെ കാത്തിരിക്കുന്നതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു









Discussion about this post