തിരുവനന്തപുരം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ അപ്രതീക്ഷിത വിയോഗം ഇന്ത്യൻ രാഷ്ട്രീയത്തെ വീണ്ടും വിമാനാപകടങ്ങളുടെ ദുരന്ത ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ടുപോവുകയാണ്. സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ നിരവധി പ്രമുഖ നേതാക്കളെയാണ് ആകാശദുരന്തങ്ങളിലൂടെ രാജ്യത്തിന് നഷ്ടമായത്. മുഖ്യമന്ത്രിമാർ, കേന്ദ്രമന്ത്രിമാർ, പാർട്ടി അദ്ധ്യക്ഷൻമാർ തുടങ്ങി ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഗതി മാറ്റാൻ ശേഷിയുണ്ടായിരുന്ന പലരും വിമാനാപകടങ്ങളിൽ ഇല്ലാതായി. അജിത് പവാറിന് മുൻപ് ആകാശച്ചുഴിയിൽ ജീവൻ വെടിഞ്ഞ പ്രമുഖ നേതാക്കളെക്കുറിച്ച് ഒന്ന് ഓർമ്മിക്കാം.
ബൽവന്ത്റായ് മേത്ത (1965): ഗുജറാത്ത് മുൻ മുഖ്യമന്ത്രിയായിരുന്ന അദ്ദേഹം ഇന്ത്യ-പാക് യുദ്ധകാലത്ത് മിതാപ്പൂരിന് സമീപം പാകിസ്ഥാൻ വ്യോമസേന വിമാനം വെടിവെച്ചിട്ടതിനെ തുടർന്നാണ് മരിച്ചത്.
സഞ്ജയ് ഗാന്ധി (1980): മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ മകനും കോൺഗ്രസ് നേതാവുമായിരുന്ന സഞ്ജയ് ഗാന്ധി 1980 ജൂൺ 23-നാണ് മരിച്ചത്. ഡൽഹിയിലെ സഫ്ദർജംഗ് വിമാനത്താവളത്തിന് സമീപം അദ്ദേഹം പറത്തിയിരുന്ന ഗ്ലൈഡർ വിമാനം തകരുകയായിരുന്നു.
മാധവറാവു സിന്ധ്യ (2001): മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന മാധവറാവു സിന്ധ്യ 2001 സെപ്റ്റംബർ 30-ന് ഉത്തർപ്രദേശിലെ മെയിൻപുരിയിൽ നടന്ന വിമാനാപകടത്തിൽ അന്തരിച്ചു. അദ്ദേഹം സഞ്ചരിച്ചിരുന്ന സ്വകാര്യ വിമാനം മോശം കാലാവസ്ഥയെ തുടർന്ന് തകരുകയായിരുന്നു.
ജി.എം.സി. ബാലയോഗി (2002): ലോക്‌സഭാ സ്പീക്കറായിരുന്ന ബാലയോഗി 2002 മാർച്ച് 3-ന് ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിലാണ് മരിച്ചത്. ടെക്നിക്കൽ തകരാറുകൾ മൂലം ഹെലികോപ്റ്റർ തകർന്നു വീഴുകയായിരുന്നു.
ഒ.പി. ജിൻഡാൽ (2005): ഹരിയാന മന്ത്രിയായിരുന്ന ഒ.പി. ജിൻഡാലും മന്ത്രി സുരേന്ദർ സിംഗും സഹാറൻപൂരിൽ ഹെലികോപ്റ്റർ തകർന്ന് മരിച്ചു.
വൈ.എസ്. രാജശേഖര റെഡ്ഡി (2009): ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായിരുന്ന വൈ.എസ്.ആറിന്റെ മരണം ഇന്ത്യൻ രാഷ്ട്രീയത്തിലെ തന്നെ വലിയ ആഘാതമായിരുന്നു. ചിറ്റൂരിലേക്കുള്ള യാത്രയ്ക്കിടെ നല്ലമല വനമേഖലയിൽ അദ്ദേഹത്തിന്റെ ഹെലികോപ്റ്റർ തകരുകയായിരുന്നു.
ദൊർജി ഖണ്ഡു (2011): അരുണാചൽ പ്രദേശ് മുഖ്യമന്ത്രിയായിരുന്ന ദൊർജി ഖണ്ഡു സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ തവാങ്ങിലെ മലനിരകളിൽ തകർന്നു വീഴുകയായിരുന്നു. അഞ്ച് ദിവസത്തെ തിരച്ചിലിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്.
ബിപിൻ റാവത്ത് (2021): ഇന്ത്യയുടെ ആദ്യത്തെ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്ത് തമിഴ്‌നാട്ടിലെ കൂനൂരിൽ ഹെലികോപ്റ്റർ തകർന്ന് മരിച്ചത് രാജ്യത്തെ നടുക്കിയ സംഭവമായിരുന്നു.
വിജയ് രൂപാനി (2025): ഗുജറാത്ത് മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ വിജയ് രൂപാനി കഴിഞ്ഞ വർഷം ജൂണിൽ അഹമ്മദാബാദിലുണ്ടായ എയർ ഇന്ത്യ വിമാനാപകടത്തിലാണ് അന്തരിച്ചത്.









Discussion about this post