ആഗോള വിപണിയിലെ അനിശ്ചിതത്വങ്ങൾക്കിടയിൽ രാജ്യത്ത് സ്വർണ്ണവില കുതിച്ചുയരുന്നു. ജനുവരി 28 ബുധനാഴ്ച വ്യാപാരം ആരംഭിച്ചപ്പോൾ തന്നെ സ്വർണ്ണവില പുതിയ സർവ്വകാല റെക്കോർഡുകൾ ഭേദിച്ചു. ചരിത്രത്തിലാദ്യമായി 10 ഗ്രാം സ്വർണ്ണത്തിന് 1.6 ലക്ഷം രൂപ എന്ന നാഴികക്കല്ല് മറികടന്നു. മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ ഫെബ്രുവരി ഗോൾഡ് ഫ്യൂച്ചേഴ്സ് മൂന്ന് ശതമാനത്തോളം ഉയർന്ന് 10 ഗ്രാമിന് 1,62,429 രൂപ എന്ന നിരക്കിലെത്തി. വെള്ളി വിലയിലും റെക്കോർഡ് വർദ്ധനവാണുണ്ടായത്.
ഫിസിക്കൽ ഗോൾഡ് വിപണിയിലും വില ഗണ്യമായി വർദ്ധിച്ചു. ഗുഡ് റിട്ടേൺസ് നൽകുന്ന വിവരങ്ങൾ പ്രകാരം 24 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 16,194 രൂപയും 22 കാരറ്റ് സ്വർണ്ണത്തിന് 14,844 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഒരു പവൻ സ്വർണ്ണത്തിന് (8 ഗ്രാം) ഇതോടെ ഒന്നേകാൽ ലക്ഷം രൂപയ്ക്കും മുകളിലായി. പവന് ഒറ്റയടിക്ക് കൂടിയത് 2360 രൂപയാണ്. ഇതോടെയാണ് വില 1,21,120 രൂപയിലെത്തിയത്. ഗ്രാമിന് 295 രൂപ ഉയർന്ന് 15,140 രൂപയിലെത്തി.. 18 കാരറ്റിന് ഒരു ഗ്രാമിന് 12,388 രൂപയും പവന് 99,104 രൂപയുമാണ് വില.മൂന്ന് ശതമാനം ജി.എസ്.ടി, ഹോൾമാർക്കിംഗ് ചാർജ്, കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി എന്നിവ കൂടി ചേരുമ്പോൾ ഒരു പവൻ ആഭരണത്തിന് 1,35,000 രൂപയ്ക്ക് മുകളിൽ നൽകേണ്ടി വരും.
ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്നത്തെ സ്വർണവ്യാപാരം പുരോഗമിക്കുന്നത്. വിവാഹ സീസണും ആഗോള വിപണിയിലെ ഡോളറിന്റെ മൂല്യത്തിലുണ്ടായ വ്യത്യാസവും സ്വർണ്ണത്തെ സുരക്ഷിത നിക്ഷേപമായി കാണുന്ന നിക്ഷേപകരുടെ താൽപ്പര്യവുമാണ് വില വർദ്ധനവിന് കാരണമായത്.
വെള്ളി വിലയിലും വൻ കുതിച്ചുചാട്ടമാണ് ബുധനാഴ്ച ഉണ്ടായത്. എംസിഎക്സിൽ വെള്ളി വില ആറ് ശതമാനത്തോളം വർദ്ധിച്ച് കിലോഗ്രാമിന് 3,77,655 രൂപയിലെത്തി. കേരളത്തിലെ വിപണിയിൽ ഒരു ഗ്രാം വെള്ളിക്ക് 370.10 രൂപയും ഒരു കിലോഗ്രാമിന് 3,70,100 രൂപയുമാണ് ഇന്നത്തെ നിരക്ക്. സ്വർണ്ണത്തിന് പത്ത് ഗ്രാമിന് 1,65,000 രൂപ വരെയാകാൻ സാധ്യതയുള്ളതിനാൽ ഓരോ ഇടിവിലും സ്വർണ്ണം വാങ്ങുന്നതാണ് നിക്ഷേപകർക്ക് ഗുണകരമെന്ന് വിദഗ്ധരുടെ അഭിപ്രായം.









Discussion about this post