ന്യൂഡൽഹി : പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ബുധനാഴ്ച ആരംഭമായി. ലോക്‌സഭയുടെയും രാജ്യസഭയുടെയും സംയുക്ത സമ്മേളനത്തെ രാഷ്ട്രപതി ദ്രൗപതി മുർമു അഭിസംബോധന ചെയ്തതോടെയാണ് ബജറ്റ് സമ്മേളനത്തിന് തുടക്കമായത്. പാർലമെന്റിൽ എത്തിയ രാഷ്ട്രപതിയെ ചെങ്കോലും വാദ്യഘോഷവും ഉൾപ്പെടെ സ്വീകരിച്ചാണ് വേദിയിലേക്ക് ആനയിച്ചത്. തുടർന്ന് രാഷ്ട്രപതി ഇരു സഭകളെയും അഭിസംബോധന ചെയ്ത് സംസാരിച്ചു.
രാഷ്ട്രപതിയുടെ പ്രസംഗം ആരംഭിച്ചപ്പോൾ തന്നെ പ്രതിപക്ഷം വലിയ രീതിയിൽ ബഹളം സൃഷ്ടിച്ച് പ്രസംഗം തടസ്സപ്പെടുത്താൻ ശ്രമിച്ചു. എങ്കിൽപോലും തടസ്സങ്ങൾ വകവയ്ക്കാതെ രാഷ്ട്രപതി ദ്രൗപതി മുർമു തന്റെ പ്രസംഗം തുടർന്നു. കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിനിടയിലും പ്രതിപക്ഷം വലിയ ബഹളം സൃഷ്ടിക്കുകയും വിവിധ സഭാനടപടികൾ തടസ്സപ്പെടുത്തുകയും ചെയ്തിരുന്നു. ചൊവ്വാഴ്ച പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ നടന്ന ബജറ്റ് സമ്മേളനത്തിന്റെ അജണ്ട വിശദീകരിച്ച സർവകക്ഷി യോഗത്തിന് ശേഷമാണ് ഇന്ന് ബജറ്റ് സമ്മേളനം ആരംഭിച്ചിരിക്കുന്നത്.
ഞായറാഴ്ചയാണ് പാർലമെന്റിൽ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നത്. ധനമന്ത്രി നിർമ്മല സീതാരാമൻ ജനുവരി 29 വ്യാഴാഴ്ച പാർലമെന്റിൽ സാമ്പത്തിക സർവേ സമർപ്പിക്കുകയും ഫെബ്രുവരി 1ന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കുകയും ചെയ്യും. അതേസമയം വോട്ട് മോഷണം, എസ്‌ഐആർ, എംജിഎൻആർഇജിഎ തിരികെ കൊണ്ടുവരിക എന്നീ വിഷയങ്ങൾ ആയിരിക്കും പ്രതിപക്ഷം പാർലമെന്റിൽ ഉന്നയിക്കാൻ പോകുന്നത് എന്ന് കോൺഗ്രസ് എംപി മാണിക്കം ടാഗോർ കഴിഞ്ഞദിവസം നടന്ന സർവകക്ഷി യോഗത്തിന് ശേഷം പറഞ്ഞു.









Discussion about this post