2026-ലെ ടി20 ലോകകപ്പിന് മുന്നോടിയായി രാജ്യാന്തര ക്രിക്കറ്റിൽ വൻ രാഷ്ട്രീയ നാടകങ്ങൾ അരങ്ങേറുന്നു. ഭാരതത്തിൽ കളിക്കാനില്ലെന്ന കടുത്ത നിലപാടിൽ ഉറച്ചുനിന്ന ബംഗ്ലാദേശിനെ ഐസിസി ലോകകപ്പിൽ നിന്ന് പുറത്താക്കി. ബംഗ്ലാദേശിന് പകരം സ്കോട്ട്‌ലൻഡിനെ ടൂർണമെന്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബംഗ്ലാദേശിനെ പുറത്താക്കിയതിൽ പ്രതിഷേധിച്ച് പാകിസ്താനും ലോകകപ്പിൽ നിന്ന് പിന്മാറാൻ ആലോചിക്കുന്നതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. എന്നാൽ, പാക് ക്രിക്കറ്റ് ബോർഡിന്റെ ഈ നീക്കം വിഡ്ഢിത്തമാണെന്നും ഇത് പാകിസ്താൻ ക്രിക്കറ്റിന്റെ തകർച്ചയ്ക്ക് കാരണമാകുമെന്നും മുൻ താരങ്ങൾ മുന്നറിയിപ്പ് നൽകുന്നു.
ബംഗ്ലാദേശിനോട് ഐസിസി കാണിച്ചത് അനീതിയാണെന്നും അവർക്ക് പിന്തുണ പ്രഖ്യാപിച്ച് ലോകകപ്പ് ബഹിഷ്കരിക്കുന്ന കാര്യം പരിഗണനയിലാണെന്നും പിസിബി ചെയർമാൻ മൊഹ്സിൻ നഖ്‌വി വ്യക്തമാക്കി. ഇക്കാര്യത്തിൽ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായി ആലോചിച്ച് വരുംദിവസങ്ങളിൽ അന്തിമ തീരുമാനമെടുക്കും. എന്നാൽ, പാകിസ്താൻ്റെ ഈ ‘ഐക്യദാർഢ്യം’ വെറും പ്രഹസനമാണെന്നാണ് മുൻ പിസിബി സെക്രട്ടറി ആരിഫ് അലി അബ്ബാസി ഉൾപ്പെടെയുള്ളവർ പറയുന്നത്. പാകിസ്താൻ്റെ എല്ലാ മത്സരങ്ങളും ഇന്ത്യയ്ക്ക് പുറത്ത് ശ്രീലങ്കയിലാണ് ക്രമീകരിച്ചിരിക്കുന്നത് എന്നിരിക്കെ, എന്തിനാണ് ടൂർണമെന്റ് ബഹിഷ്കരിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. ഐസിസിയുമായും മറ്റ് ക്രിക്കറ്റ് ബോർഡുകളുമായും ബന്ധം വഷളാക്കുന്നത് പാകിസ്താനെ രാജ്യാന്തര തലത്തിൽ ഒറ്റപ്പെടുത്താൻ മാത്രമേ സഹായിക്കൂ എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
മുൻ ഇതിഹാസ താരങ്ങളായ ഇൻസമാം ഉൽ ഹഖും മൊഹ്സിൻ ഖാനും പിസിബിയുടെ നിലപാടിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ലോകകപ്പ് പോലെ വലിയ വേദികളിൽ കളിക്കുന്നത് പാകിസ്താൻ ക്രിക്കറ്റിന്റെ വളർച്ചയ്ക്ക് അത്യാവശ്യമാണെന്നും പിന്മാറുന്നത് ആത്മഹത്യാപരമാണെന്നും ഇൻസമാം പറഞ്ഞു. ഇന്ത്യയുമായുള്ള പ്രശ്നങ്ങൾ നിലനിൽക്കുമ്പോഴും ഐസിസി പാകിസ്താന് അനുകൂലമായി മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റിയിട്ടുണ്ട്. എന്നിട്ടും ഈ ബഹിഷ്കരണ നീക്കം നടത്തുന്നത് വിവേകശൂന്യമാണെന്ന് മൊഹ്സിൻ ഖാൻ ചൂണ്ടിക്കാട്ടി. ബംഗ്ലാദേശിനെ പിന്തുണയ്ക്കാൻ ഐസിസി മീറ്റിംഗിൽ പാകിസ്താൻ മാത്രമാണുണ്ടായിരുന്നതെന്നും മറ്റൊരു രാജ്യവും ഈ ആവശ്യത്തെ പിന്തുണച്ചില്ലെന്നും ആരിഫ് അലി അബ്ബാസി വെളിപ്പെടുത്തി.









Discussion about this post