ന്യൂഡൽഹി : താനെയിലെ കടലിൽ കുടുങ്ങിക്കിടന്ന 16 മത്സ്യത്തൊഴിലാളികളെ കോസ്റ്റ്ഗാർഡുകൾ രക്ഷപ്പെടുത്തി.കടൽക്ഷോഭത്തെ തുടർന്ന് താനെയിലെ അർണാല തീരത്തിന്റെ പടിഞ്ഞാറൻ ഭാഗത്ത് ദേവ് സന്ദേശ് എന്ന മീൻവള്ളം കുടുങ്ങുകയായിരുന്നു.ഈ മീൻവള്ളത്തിലുണ്ടായിരുന്ന 16 മത്സ്യത്തൊഴിലാളികളെയാണ് മുംബൈയിലെ കോസ്റ്റ് ഗാർഡുകളുടെ സന്ദർഭോചിതമായ ഇടപെടൽ മൂലം രക്ഷിക്കാനായത്.
ബോട്ട് കുടുങ്ങി കിടക്കുന്ന കാര്യം യെല്ലോ ഗേറ്റ് പോലീസ് സ്റ്റേഷനാണ് മാരിടൈം സെർച്ച് റെസ്ക്യു കോഡിനേഷൻ സെന്ററിന്റെ (എംആർസിസി ) കോസ്റ്റ് ഗാർഡുകളെ അറിയിച്ചത്. എംആർസിസി ബോട്ട് കുടുങ്ങിക്കിടക്കുന്ന സ്ഥലം കൃത്യമായി കണ്ടെത്തുകയും രക്ഷാപ്രവർത്തനം നടത്തുകയുമായിരുന്നു.ആറു മണിക്കൂറോളമാണ് രക്ഷാപ്രവർത്തനം നീണ്ടുനിന്നത്.കോസ്റ്റ്ഗാർഡ് രക്ഷപ്പെടുത്തിയ മത്സ്യത്തൊഴിലാളികൾ എല്ലാം സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.








