മുംബൈ : മുംബൈ തുറമുഖത്ത് റവന്യൂ ഇന്റലിജൻസിന്റെ വൻ മയക്കുമരുന്ന് വേട്ട.നാവ ഷേവ തുറമുഖത്ത് ശനിയാഴ്ച രാത്രി നടന്ന റെയ്ഡിൽ ഡിആർഐ മുംബൈ യൂണിറ്റ് പിടിച്ചെടുത്തത് 191 കിലോ ഹെറോയിനാണ്.അന്താരാഷ്ട്ര വിപണിയിൽ ആയിരം കോടിയിലധികം മൂല്യം വരുന്നതാണ് ഈ ലോഡ്.മുംബൈ നഗരത്തിൽ സമീപകാലത്ത് നടന്ന ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്.
മയക്കുമരുന്ന് കച്ചവടത്തിന് പേരുകേട്ട അഫ്ഗാനിസ്ഥാനിൽ നിന്നുമാണ് ഈ ലോഡ് വന്നതെന്ന് അധികൃതർ വെളിപ്പെടുത്തി.ഒറ്റനോട്ടത്തിൽ മുള എന്ന് തെറ്റിദ്ധരിപ്പിക്കുന്ന പെയിന്റ് അടിച്ച പ്ലാസ്റ്റിക് പൈപ്പുകളിൽ ആയിരുന്നു ഹെറോയിൻ കടത്തിയിരുന്നത്. വിവരം ലഭിച്ചതിനെ തുടർന്ന് കണ്ടെയ്നർ തുറന്ന് പരിശോധിച്ചപ്പോഴാണ് അധികൃതർ മയക്കുമരുന്ന് കണ്ടെത്തിയത്.2001 മുതൽ ലോകത്തിലെ 90 ശതമാനം വരുന്നത്ര മയക്കുമരുന്ന് ഉൽപാദിപ്പിക്കുന്ന രാജ്യമാണ് അഫ്ഗാനിസ്ഥാൻ.








